ഭോപാല്‍: പട്ടാപ്പകല്‍ നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്ക കൊലപാതകം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം ആരും ഇടപെടാതെ നോക്കി നിന്നു. മധ്യപ്രദേശിലെ നരസിംഹ്പൂര്‍ ജില്ലാ ആശുപത്രിയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസം നടന്ന 18 കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആശുപത്രിയില്‍ രോഗിക്കൊപ്പം എത്തിയ കൂട്ടിരിപ്പുകാരന്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതി അഭിഷേക് കോഷ്തി പിടിയിലായി.

ജൂണ്‍ 27 നാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ വൊക്കേഷണല്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു സന്ധ്യ ചൗധരി. ആശുപത്രിയിലെ ട്രോമ സെന്ററിന് പുറത്ത് ഇരിക്കുകയായിരുന്നു സന്ധ്യ. അഭിഷേക് സന്ധ്യയെ സമീപിക്കുന്നതും, അല്‍പനേരം സംസാരിക്കുന്നതും പിന്നീട് ആക്രമിക്കുന്നതും കാണാം.

സന്ധ്യ ഇയാളില്‍ നിന്ന് അകന്നതോടെയാണ് അഭിഷേക് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പ്രാഥമിക വിവരം. സുഹൃത്തിന്റെ സഹോദരന്റെ ഭാര്യയെ സന്ദര്‍ശിക്കാനെന്നു പറഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സന്ധ്യ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഉച്ചയോടെ തന്നെ കറുത്ത ഷര്‍ട്ട് ധരിച്ച് അഭിഷേകും ആശുപത്രിക്ക് സമീപം എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.




ഇയാള്‍ സന്ധ്യയെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ തറയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സന്ധ്യയുടെ നെഞ്ചില്‍ കയറിയിരുന്ന ഇയാള്‍ കത്തി കൊണ്ട് കഴുത്തറക്കുകയായിരുന്നു. ഇതിനുശേഷം സ്വന്തം കഴുത്തറക്കാനും ഇയാള്‍ ശ്രമിക്കുന്നുണ്ട്. ഇയാള്‍ പിന്നീട് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് നിരവധി അറ്റന്റന്റുമാരും, ആശുപത്രി ജീവനക്കാരും, രണ്ടുസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.


ഇരുവരും രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നെങ്കിലും സമീപകാലത്ത് ബന്ധം വഷളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. വീഡിയോ അറസ്റ്റില്‍ നിര്‍ണായക തെളിവായി മാറുകയും ചെയ്തു.