തളിപ്പറമ്പ് : അത് അമ്മയുടെ ക്രൂരത. കണ്ണൂരിലെ കുറുമാത്തൂര്‍ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പര്‍ 2ല്‍ ഹിലാല്‍ മന്‍സില്‍ ടി.കെ.ജാബിറിന്റെയും മൂലക്കല്‍ പുതിയ പുരയില്‍ മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണാണ് കുട്ടി മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.

മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്നുമാണ് ബന്ധുക്കളും പറഞ്ഞത്. കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടര്‍ന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യല്‍. കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്. ഇക്കാര്യത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി അമ്മയെ ചോദ്യം ചെയ്തു. ഇതിലാണ് അമ്മ കുറ്റസമ്മതം നടത്തിയത്.

കിണറ്റില്‍ എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നു എന്നാണ് മുബഷിറ പൊലീസിനോട് പറഞ്ഞത്. 21 കോല്‍ ആഴമുള്ള കിണറ്റിലാണ് കുഞ്ഞ് വീണത്. കുഞ്ഞിന്റെ കാല് വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നത് കണ്ട സമീപവാസിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.