ഗാസിയാബാദ്: പാസ്‌പോർട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. 11 വയസ്സുകാരിയായ മകളുടെ കൺമുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റൂബി (34) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഭർത്താവ് വികാസിനായി (38) പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. വികാസ് വീട്ടിലെത്തി ഭാര്യ റൂബിയോട് പാസ്‌പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വഴക്ക് മുറുകിയതോടെ വികാസ് റൂബിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. മൂത്ത മകൾ (11) വീട്ടിലുണ്ടായിരുന്നു, രണ്ടാമത്തെ മകൾ സ്കൂളിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയാണ് അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് വിവരമറിഞ്ഞെത്തിയ അയൽക്കാർ ഉടൻതന്നെ റൂബിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് സ്ഥലത്തെത്തി റൂബിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റൂബിയും ഭർത്താവ് വികാസും ഒരു ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുമ്പ്, റൂബിയുടെ സഹോദരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരം ചെയ്യാനായാണ് റൂബി ഗുണ്ടാസംഘത്തിൽ ചേർന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരനെ കൊലപ്പെടുത്തിയ പ്രതികളെ റൂബിയും സംഘവും ചേർന്ന് വധിച്ചു. ഈ കൊലപാതക കേസുമായി ബന്ധപ്പെട്ട് 2020-ൽ റൂബിയും വികാസും ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും ഗാസിയാബാദിലെ അജ്‌നാര ഇന്‍റഗ്രിറ്റി എന്ന പാർപ്പിട സമുച്ചയത്തിലേക്ക് ഒരു വർഷം മുമ്പാണ് താമസം മാറ്റിയത്. ഒൻപതാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.

കുടുംബങ്ങൾ തമ്മിൽ സ്ഥിരം വഴക്കുകളുണ്ടായിരുന്നതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. വികാസ് മാസങ്ങളോളം വീട്ടിൽ നിന്ന് മാറി നിന്നിരുന്നതായും, സ്ഥിരമായ വരുമാനമില്ലാതിരുന്നത് കുടുംബപ്രശ്നങ്ങൾക്ക് കാരണമായെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി വികാസിനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലീസ് വല വിരിച്ചിട്ടുണ്ട്.