- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജോലിക്ക് പോകും വഴി കറുത്ത കാറിലെത്തിയവരുടെ തുറിച്ചു നോട്ടം; ഒടുവിൽ വെടിയുണ്ടകൾ തുളച്ചുകയറി കോൺഗ്രസ് പ്രവർത്തകന്റെ മരണം; പകയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പോലീസ്
ഛണ്ഡീഗഡ്: പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകനും തൊഴിലാളി നേതാവുമായ ഉമർസീർ സിങ് വെടിയേറ്റ് മരിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ എഎപി നേതാവ് ഇന്ദർപാൽ സിങ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മോഗ ജില്ലയിലെ ഭിന്തർ കലൻ ഗ്രാമത്തിൽ വെച്ച് ഇന്നലെ രാവിലെ ആറരയോടെ ജോലിക്കായി പോകുമ്പോഴാണ് നെസ്‌ലെ പ്ലാൻ്റിലെ യൂണിയൻ നേതാവ് കൂടിയായ ഉമർസീർ സിങ് ആക്രമിക്കപ്പെട്ടത്. കറുത്ത കാറിലെത്തിയ അക്രമിസംഘം ഇദ്ദേഹത്തിന് നേരെ 15 റൗണ്ടോളം വെടിയുതിർത്തെന്നാണ് ധരംകോട് ഡിഎസ്‌പി ജസ്‌വരിന്ദർ സിങ് അറിയിച്ചത്.
അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉമർസീർ സിങ്ങിന്റെ ബന്ധു വീർപാൽ സിങ് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. വീർപാൽ സിങ്ങിന്റെ പത്രിക പിൻവലിക്കാൻ എഎപി നേതാവ് ഇന്ദർപാൽ സിങ്, ഉമർസീർ സിങ്ങിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്ന് വിവരമുണ്ട്. ഇന്ദർപാൽ സിങ് ഉമർസീർ സിങ്ങിനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ ഗുർവീന്ദർ സിങ് പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ, പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമർസീർ സിങ്ങിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും മൃതദേഹവുമായി ധരംകോട് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തെ രാഷ്ട്രീയ കൊലപാതകമായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം തുടരുകയാണ്.




