അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ വിവാഹച്ചടങ്ങിനിടെ വരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് വിവാഹച്ചടങ്ങ് ചിത്രീകരിക്കാൻ ഉപയോഗിച്ച ഡ്രോൺ ക്യാമറ. ആക്രമണം നടത്തിയ പ്രതിയെ രണ്ടുകിലോമീറ്ററോളം പിന്തുടർന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പോലീസിന് കേസിൽ വഴിത്തിരിവായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെ ബദ്‌നേര റോഡിലുള്ള സാഹിൽ ലോണിലാണ് സംഭവം നടന്നത്.

സുജൽ റാം സമുദ്ര എന്നയാളുടെ വിവാഹച്ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളാണ് സ്റ്റേജിൽ കയറി കത്തി ഉപയോഗിച്ച് വരനെ കുത്തിയത്. മൂന്നുതവണ കുത്തേറ്റ സുജലിന് തുടയിലും കാൽമുട്ടിലുമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വരനെ ഉടൻതന്നെ അമരാവതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെങ്കിലും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിവാഹവേദിയിലെ ഡി.ജെ. പാർട്ടിക്കിടെയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

നൃത്തം ചെയ്യുന്നതിനിടെ വരനും പ്രതിയായ ബക്ഷിയും തമ്മിൽ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇതിനെത്തുടർന്നാണ് ബക്ഷി സ്റ്റേജിൽ കയറി വരനെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി വരന്റെ പിതാവ് റാംജി സമുദ്രയെയും ആക്രമിക്കാൻ ശ്രമിച്ചു. വിവാഹച്ചടങ്ങുകൾ ചിത്രീകരിക്കുകയായിരുന്ന ഡ്രോൺ ക്യാമറ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി.

ഓടി രക്ഷപ്പെട്ട അക്രമി ലൊണിൽ നിന്ന് പുറത്തേക്ക് ഓടുന്നതും തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുന്നതും ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ച പ്രതിക്കൊപ്പം കറുത്ത വസ്ത്രം ധരിച്ച മറ്റൊരാളും ബൈക്കിൽ വന്ന് ഇയാളോടൊപ്പം കൂടി. പിന്നീട് ഇരുവരും ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടു.

വരന്റെ ബന്ധുക്കളിൽ ഒരാൾ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡ്രോൺ ക്യാമറ പ്രതികളെ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി. സംഭവമറിഞ്ഞെത്തിയ പോലീസ്, ഡ്രോൺ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഇതിൽ പ്രതിയുടെ മുഖം, അവൻ രക്ഷപ്പെട്ട വഴികൾ, ബൈക്കിൽ ഒപ്പമുണ്ടായിരുന്നയാൾ എന്നിവയെല്ലാം വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഈ ദൃശ്യങ്ങൾ പോലീസിന് വലിയ സഹായമായെന്ന് അധികൃതർ അറിയിച്ചു.