മംഗളൂരു: തുണിക്കടയിൽ വെച്ച് ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭാര്യയെ ബണ്ട്വാൾ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യോതി സോമയാജി (30) ആണ് അറസ്റ്റിലായത്. ബി.സി. റോഡിലെ സോമയാജി ടെക്സ്റ്റൈൽസ് ഉടമയായ കൃഷ്ണകുമാറിനാണ് (38) ആക്രമണത്തിൽ പരിക്കേറ്റത്. നവംബർ 19 വൈകിട്ട് ഏഴ് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

തിരിച്ചറിയാതിരിക്കാനായി ബുർഖ ധരിച്ചാണ് ജ്യോതി കടയിലെത്തിയത്. കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ സമീപത്തെത്തിയ ഇവർ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ ആഴത്തിൽ കുത്തുകയായിരുന്നു. കൃഷ്ണകുമാറിന്റെ നിലവിളി കേട്ട് കടയിലെ ജീവനക്കാരും ഉപഭോക്താക്കളും ഓടിയെത്തിയതോടെ ജ്യോതി കടയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാൽ, ജീവനക്കാരും നാട്ടുകാരും ഉടൻതന്നെ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ബണ്ട്വാൾ പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുത്തു. ദാമ്പത്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കൃഷ്ണകുമാറും ജ്യോതിയും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസം. ഇരുവരും തമ്മിലുള്ള കുടുംബപരമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റ കൃഷ്ണകുമാറിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.