- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അടുക്കള വാതിൽ കുത്തി തുറന്ന് അകത്തു കയറി, വൈദ്യുതിബന്ധം വിച്ഛേദിച്ചു; അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; മുറിക്കുള്ളിൽ മുളകുപൊടി വിതറി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസിനെ കുഴക്കി; നിർണായകമായത് അയൽവാസിയുടെ അസ്വാഭാവിക പെരുമാറ്റം; തോട്ടപ്പള്ളിയിലെ കൊലയിൽ പ്രതി പിടിയിലാകുമ്പോൾ
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. കൊലപാതകം നടന്നത് ബലാത്സംഗത്തിനിടെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ (68) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിക്കുള്ളിൽ മുളകുപൊടി വിതറുകയും വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത പോലീസ്, അന്വേഷണത്തിനായി മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.മൃതദേഹത്തിൽ ഗുരുതരമായ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകളില്ലെന്ന പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ തുടക്കത്തിൽ കുഴക്കിയിരുന്നു. തുടർന്ന് സംശയം തോന്നിയ അറുപതോളം പേരെ പലതവണ ചോദ്യം ചെയ്യുകയും വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയുടെ വീടിന് സമീപത്തെ പള്ളിയിലെ ജീവനക്കാരനായ അബൂബക്കറിനെ ആദ്യം പ്രധാന സാക്ഷിയാക്കാനാണ് പോലീസ് ലക്ഷ്യമിട്ടിരുന്നത്. സംഭവമറിഞ്ഞ് പോലീസെത്തുമ്പോൾ മുതൽ ഇയാൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിലെ സംശയങ്ങളും സംഭവശേഷമുള്ള ദിവസങ്ങളിലെ അസ്വാഭാവിക പെരുമാറ്റവും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇയാൾ കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചതായുള്ള വിവരവും നിർണായക തെളിവായി.
രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഈ അറസ്റ്റ്, ഏറെ ദുരൂഹത നിറഞ്ഞ കേസിൽ നിർണായക വഴിത്തിരിവായി.