കൊച്ചി: സ്വകാര്യ ആശുപത്രിയുടെ ഒഴിഞ്ഞ ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ മുഖ്യപ്രതിയെ മുഹമ്മദ് അലി (26) അറസ്റ്റിലായി. മൊബൈൽ ഫോൺ നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഭിജിത്ത് ബിനീഷ് (21) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ പിടികൂടിയത്. 2025 ഡിസംബർ ആറിനാണ് അഭിജിത്തിന്റെ മൃതദേഹം ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്.

കരുനാഗപ്പള്ളി സീനത്ത് മൻസിലിൽ മുഹമ്മദ് അലി മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഭിജിത്ത് ബിനീഷ് കൊലപാതകത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് കൊച്ചിയിലെത്തിയത്. മുഹമ്മദ് അലിയും അഭിജിത്തും തമ്മിൽ രണ്ടാഴ്ചത്തെ പരിചയം മാത്രമാണുണ്ടായിരുന്നത്.

നോർത്ത് പാലത്തിന് സമീപത്തുവെച്ചാണ് ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചത്. ഈ തർക്കം താത്കാലികമായി ഒത്തുതീർപ്പായ ശേഷം ഇരുവരും നോർത്ത് കലാഭവൻ റോഡിലുള്ള റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് പോയി. അവിടെവെച്ച് ലഹരി ഉപയോഗത്തിനിടെ വീണ്ടും തർക്കമുണ്ടാവുകയായിരുന്നു. ഇതിനെത്തുടർന്ന് ഇഷ്ടികയും മരപ്പലകയും ഉപയോഗിച്ച് മുഹമ്മദ് അലി അഭിജിത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് അലിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ നൽകിയ വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. കരുനാഗപ്പള്ളി സ്വദേശിയാണെങ്കിലും വർഷങ്ങളായി കൊച്ചിയിൽ കടത്തിണ്ണകളിലാണ് മുഹമ്മദ് അലി അന്തിയുറങ്ങിയിരുന്നത്. ഈ കേസിൽ കൂടുതൽ നിയമനടപടികളും അന്വേഷണവും പുരോഗമിക്കുകയാണ്.