- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; ഭാര്യയുടെ കഴുത്തിൽ കുരുക്കിട്ടു; സ്വന്തം കുരുക്ക് മുറുകാതെ നോക്കി ഭർത്താവിന്റെ 'നാടകം'; കുട്ടികളില്ലാത്തതിന് ദീപികയെ ഒഴിവാക്കാൻ ശിവാനന്ദൻ നടത്തിയത് സിനിമയെ വെല്ലുന്ന ചതി; മരണക്കെണി ഒരുക്കിയ ഭർത്താവ് പിടിയിൽ

കൊഴിഞ്ഞാമ്പാറ: ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ വഞ്ചിച്ചു മരണത്തിലേക്ക് തള്ളിവിട്ട ഭർത്താവ് അറസ്റ്റിൽ. മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മേനോൻപാറ കെ.ബി. നഗർ കളരിക്കൽ ശ്രീശിവത്തിൽ ദീപികയെ (30) കഴിഞ്ഞ സെപ്റ്റംബർ 25-നാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് ദീപികയെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 27-ന് രാത്രി 11.30-ഓടെയാണ് ദീപിക മരിച്ചത്. സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ദീപികയെ കണ്ടെത്തിയത്.
ദീപികയെ കെട്ടഴിച്ചിറക്കി നിലത്തുകിടത്തിയ ശേഷമാണ് ശിവാനന്ദൻ നാട്ടുകാരെ വിവരമറിയിച്ചത്. ആദ്യം ദീപികയ്ക്ക് അപസ്മാരം വന്നതാണെന്ന് നാട്ടുകാരോട് പറഞ്ഞ ഇയാൾ, സാരികെട്ടിയ നിലയിൽ കണ്ടതോടെ തൂങ്ങിമരിക്കാൻ ശ്രമിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ, ശിവാനന്ദൻ പറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയ കൊഴിഞ്ഞാമ്പാറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
വിവാഹം കഴിഞ്ഞ് ആറുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ ദീപികയെ ഒഴിവാക്കാനായി ശിവാനന്ദൻ നടത്തിയ ആസൂത്രിത നാടകമായിരുന്നു ആത്മഹത്യാശ്രമമെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും മരിക്കാനായി സാരികൊണ്ട് രണ്ട് കുരുക്കുകളുണ്ടാക്കി.
എന്നാൽ, ദീപികയ്ക്കുള്ള കുരുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദൻ സ്വന്തം കഴുത്തിലിട്ടത് ഒരു തരത്തിലും മുറുകാത്ത രീതിയിലുമായിരുന്നു. വൈദ്യപരിശോധനയിൽ ശിവാനന്ദന്റെ കഴുത്തിൽ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ശിവാനന്ദൻ ഇക്കാര്യങ്ങൾ സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


