ബംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ 50-കാരന്റെ മരണത്തിലെ ദുരൂഹതയുടെ ചുരുളഴിച്ച് പോലീസ്. ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതിയ പരമേഷിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരണപ്പെട്ട് ഒരു മാസത്തിന് ശേഷം മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഹൗസ് കീപ്പിങ് ജീവനക്കാരിയായ ഭാര്യ പി. ആശ (46), പരമേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ജനുവരി 29-ന് രാത്രിയാണ് സംഭവം.

മരണാനന്തര ചടങ്ങുകൾക്ക് ശേഷം തൊട്ടടുത്ത ദിവസം തന്നെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ, വെറും 20 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനെന്ന് ആരോപിക്കപ്പെടുന്ന പാചകക്കാരനായ ചന്ദ്രപ്പയെ (48) വിവാഹം കഴിച്ചതോടെയാണ് സംശയം ബലപ്പെട്ടത്. പരമേഷിന്റെ മരണം അസ്വാഭാവികമാണെന്നും, ശരീരത്തിൽ സംശയാസ്പദമായ പാടുകൾ ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടി സഹോദരിമാർ രംഗത്തെത്തുകയായിരുന്നു. മുൻപ് പരമേഷ് പീഡനത്തിന് ഇരയായിട്ടുണ്ടാകാം എന്ന ആരോപണവും അവർ ഉന്നയിച്ചു.

പരമേഷിന്റെ സഹോദരി നൽകിയ പരാതിയെത്തുടർന്ന് പോലീസ് കേസെടുക്കുകയും മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ അനുമതി വാങ്ങുകയും ചെയ്തു. പ്രാദേശിക തഹസിൽദാറുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ഫോറൻസിക് സാമ്പിളുകൾ ശേഖരിച്ചു. സ്വാഭാവികമായുണ്ടായ ഹൃദയാഘാതമല്ലെന്നും ശ്വാസംമുട്ടിച്ചതിനെത്തുടർന്നുള്ള ലക്ഷണങ്ങളാണ് ശരീരത്തിലുള്ളതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായാണ് സൂചന.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളായ ആശയും ചന്ദ്രപ്പയും ചേർന്ന് പരമേഷിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചതായി പോലീസ് അറിയിച്ചു. പരമേഷ് മദ്യപിച്ചു കിടന്നുറങ്ങുന്ന സമയത്ത് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം ഇത് ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമങ്ങളും ഇവർ നടത്തി. അറസ്റ്റിലായ ഇരുപ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.