ഹൈദരാബാദ്: ഹൈദരാബാദിലെ നല്ലകുണ്ടയിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വെങ്കിടേഷിനായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. ത്രിവേണിയാണ് കൊല്ലപ്പെട്ടത്. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച ആറുവയസുകാരിയായ മകളെയും പ്രതി തീയിലേക്ക് തള്ളിയിട്ടതായി പോലീസ് പറഞ്ഞു. ക്രിസ്മസ് തലേന്നാണ് സംഭവമുണ്ടായത്.

സ്ഥിരം മദ്യപാനിയായ വെങ്കിടേഷിന് ഭാര്യ ത്രിവേണിയെ സംശയമുണ്ടായിരുന്നത് ഇരുവരും തമ്മിലുള്ള വഴക്കുകൾക്ക് പതിവ് കാരണമായിരുന്നു. ഡിസംബർ 24-ന് ഇത്തരത്തിലുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ കുട്ടികളുടെ മുന്നിൽവെച്ച് ത്രിവേണിയെ ആക്രമിക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകളെയും ഇയാൾ തീയിലേക്ക് തള്ളിയിട്ടത്.

ത്രിവേണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ വീടിനുള്ളിൽ കടന്നപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരണപ്പെട്ടിരുന്നു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ആറുവയസുകാരിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് വെങ്കിടേഷും ത്രിവേണിയും. ഇവർക്ക് ഒരു മകനും മകളുമുണ്ട്.

ഭാര്യയിലുള്ള സംശയം കാരണം വെങ്കിടേഷ് ത്രിവേണിയെ പലപ്പോഴും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ത്രിവേണി ഭർത്താവിനെതിരെ പോലീസിലും വനിതാ സംരക്ഷണ സെല്ലിലും പരാതി നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷം വെങ്കിടേഷ് വീട് വിട്ട് പോവുകയും കുട്ടികളെ നോക്കുന്നതിനായി ത്രിവേണി ഹോട്ടലുകളിലും മറ്റ് വീടുകളിലും ജോലിക്കു പോകുകയും ചെയ്തിരുന്നു.

അടുത്തിടെ ത്രിവേണി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. എന്നാൽ, അവിടെയെത്തിയ വെങ്കിടേഷ് മാതാപിതാക്കളെ കണ്ട് മാപ്പപേക്ഷിക്കുകയും മദ്യപാനം നിർത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെത്തുടർന്ന് ത്രിവേണി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ അനുരഞ്ജനത്തിനു പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്.

മുമ്പ് ത്രിവേണി ഒരു ലക്ഷം രൂപ വിലവരുന്ന ബൈക്ക് വെങ്കിടേഷിന് വാങ്ങി നൽകിയിരുന്നുവെന്നും എന്നാൽ, മദ്യപാനം കാരണം ഇയാൾ അത് 15,000 രൂപയ്ക്ക് വിറ്റുവെന്നും അയൽക്കാർ കൂട്ടിച്ചേർത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത നല്ലകുണ്ട പോലീസ് ഒളിവിൽ പോയ വെങ്കിടേഷിനായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.