ഇടുക്കി: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉറ്റ ബന്ധുവിനെ അതിക്രൂരമായി കുത്തികൊലപ്പെടുത്തി. ഇടുക്കിയിലാണ് സംഭവം നടന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനെയാണ് പോലീസ് പിടികൂടിയത്.

കുളമാവിന് സമീപം വനപ്രദേശമായ വലിയമാവ് പ്രദേശത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച യാണ് നാട്ടുകാരെ ഞെട്ടിച്ച് കൊലപാതകം നടന്നത്. ബാലനും ജയനും ഉള്‍പ്പെടെ നാലുപേർ കൂടി പകൽ സമയം മുഴുവൻ ഒരുമിച്ചിരുന്ന് വെള്ളം അടിക്കുകയായിരുന്നു. പിന്നീട് രാത്രിയിൽ രണ്ടുപേരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ വാക്കുതർക്കം ഉണ്ടാകുകയും ഒടുവിൽ കത്തിക്കുത്തിൽ കലാശിക്കുകയും ആയിരിന്നു. കുത്ത് കിട്ടിയ ബാലന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി.

ഉടനെ തന്നെ ആംബുലന്‍സ് വിളിച്ച് വരുത്തി പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബാലന്റെ നെഞ്ചിനും കഴുത്തിനും ഉള്‍പ്പെടെ നിരവധി കുത്തേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ ജയന്‍ ഇരുളിന്റെ മറവില്‍ സമീപത്തെ മലയുടെ മുകളിലേക്ക് രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ കാഞ്ഞാര്‍ പോലീസ് നാട്ടുകാരെ കൂട്ടി രാത്രി തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

നിരവധി കേസുകളിലെ പ്രതിയാണ് ജയനെന്ന് പോലീസ് വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാലന്റെ കാലില്‍ ജയന്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആഴ്ചകളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന ശേഷമാണ് ബാലന്‍ അന്ന് രക്ഷപെട്ടത്. ജയനെ കണ്ടത്തുന്നതിനായി കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു.

കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ പോലീസ് നായയെ എത്തിച്ചും പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് 15 കിലോ മീറ്ററോളം അകലെ നിന്നാണ് പ്രതി അറസ്റ്റിലായത്. രണ്ട് ദിവസം വനത്തിനുള്ളില്‍ ഒളിവില്‍ കഴിയവേ ആയിരുന്നു പ്രതി പോലീസ് വലയിൽ കുടുങ്ങുന്നത്.