ബനസ്കന്ധ: ഗുജറാത്തിലെ ബനസ്കന്ധയിൽ 18കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കുടുംബം പഠനം തടഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടതെന്ന് പോലീസ് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് പെൺകുട്ടി കാമുകന് അയച്ച സന്ദേശം പുറത്ത് വന്നിട്ടുണ്ട്. 'ഇവരെന്നെ കൊല്ലും, രക്ഷിക്കൂ' എന്ന് പെൺകുട്ടി സന്ദേശത്തിൽ പറയുന്നുണ്ട്. ജൂൺ 24നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ഹരേഷ് ചൗധരി എന്ന യുവാവുമായി ബന്ധത്തിലായിരുന്ന ചന്ദ്രിക പട്ടേലിനെയാണ് അവളുടെ പിതാവും അമ്മാവനും മറ്റൊരു ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയത്. പഠനം തുടരാനുള്ള ചന്ദ്രികയുടെ ആഗ്രഹം മാതാപിതാക്കൾ എതിർത്തതാണ് വീടുവിട്ടിറങ്ങാൻ കാരണമെന്ന് പോലീസ് അറിയിച്ചു. എൻ.ഇ.ഇ.ടി. പരീക്ഷയിൽ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് മാതാപിതാക്കൾ ചന്ദ്രികയെ പാലൻപൂരിലെ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

എന്നാൽ, തുടർന്നും പഠിക്കണമെന്ന ചന്ദ്രികയുടെ ആഗ്രഹത്തെ വീട്ടുകാർ പിന്തുണച്ചില്ല. ഹരേഷിനൊപ്പം വീടുവിട്ട ചന്ദ്രികയെ ജൂൺ 12-ന് പോലീസ് കണ്ടെത്തുകയും വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. നീറ്റ് ഫലങ്ങൾ പുറത്തുവന്നത് ജൂൺ 14-നായിരുന്നു. അപ്പോഴും ചന്ദ്രിക വീട്ടിലായിരുന്നു. പഠനം തുടരാൻ ആഗ്രഹിച്ച പെൺകുട്ടിക്ക് കുടുംബം അനുമതി നിഷേധിച്ചതായി പോലീസ് പറഞ്ഞു. ജൂൺ 25-ന് ചന്ദ്രികയെ കാണാനില്ലെന്ന് കാണിച്ച് ഹരേഷ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നത്.

പിന്നാലെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തിയത്. സംഭവം ആത്മഹത്യയായി വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും പാലിൽ വിഷം കലർത്തി നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. മരണവിവരം സ്വന്തം സഹോദരനെപ്പോലും അറിയിക്കാതെ ബന്ധുക്കൾ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.സംഭവത്തിൽ ചന്ദ്രികയുടെ അമ്മാവൻ ശിവഭായ് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് സന്ത് ഭായി പട്ടേലും മറ്റൊരു ബന്ധുവും ഒളിവിലാണ്.