ഹൈദരാബാദ്: വീട്ടിൽ അതിക്രമിച്ച് കയറി മുൻഭാര്യയെ ഐടി ഉദ്യോഗസ്ഥൻ തലയ്ക്ക് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ വിദേശത്തേക്ക് പോകാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്നായിരുന്നു ക്രൂരത. ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് 29-കാരിയെ ഇയാൾ കൊലപ്പെടുത്തിയത്. കാനഡയിലെ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ മുൻഭാര്യ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തിരുന്നു.

ഈ കേസ് നിലവിലുള്ളതിനാൽ തനിക്ക് കാനഡയിലേക്ക് മടങ്ങാൻ കഴിയുന്നില്ല എന്നതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഐടി കമ്പനി ജീവനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. തന്റെ അമ്മയുടെ മരണത്തിന് ഉത്തരവാദി മുൻഭാര്യയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് അവരുടെ രണ്ടാം ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ പോലീസ് ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മുപ്പതുകളിൽ പ്രായമുള്ള പ്രതി 2022-ലാണ് യുവതിയെ വിവാഹം കഴിച്ചത്. ഇന്ത്യയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇയാൾ കാനഡയിലേക്ക് മാറുകയും യുവതി കൂടെ ചേരുകയും ചെയ്തിരുന്നു.

ദമ്പതികൾക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും തുടർന്ന് യുവതി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം അവർ മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്തു," എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2024-ൽ ഇവർ വിവാഹമോചനം നേടി. തുടർന്ന് 2025 ഏപ്രിലിൽ യുവതി രണ്ടാമതും വിവാഹിതയായി.

അമ്മയുടെ മരണത്തെത്തുടർന്ന് 2025 മാർച്ചിലാണ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇയാൾക്കെതിരെയുള്ള ഗാർഹിക പീഡനക്കേസ് നിലവിലുണ്ടായിരുന്നതിനാൽ ഒരു ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും പാസ്‌പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതുകാരണം ഇയാൾക്ക് കാനഡയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. നിലവിൽ തൊഴിലില്ലാതിരുന്ന ഇയാൾ തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലുള്ള മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം.

മുൻഭാര്യ കാരണം താനും കുടുംബവും വലിയ രീതിയിലുള്ള മാനസിക വിഷമങ്ങൾ അനുഭവിച്ചതായി ഇയാൾ കരുതിയിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ അമ്മയുടെ മരണത്തിന് കാരണം ഈ മാനസിക വിഷമമാണെന്നും ഇയാൾ വിശ്വസിച്ചിരുന്നു.

തുടർന്ന് യുവതിയെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചു. യുവതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ വിലാസം കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഹൈദരാബാദിലെത്തിയ ഇയാൾ ഒരു ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. "യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റ് പരിസരത്ത് ഇയാൾ അടുത്തിടെ നിരീക്ഷണം നടത്തിയിരുന്നു," എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച രണ്ട് കത്തികൾ, ഒരു ഡ്രില്ലിംഗ് മെഷീൻ, അഞ്ച് ലിറ്റർ പെട്രോൾ അടങ്ങിയ ക്യാൻ എന്നിവ അടങ്ങിയ ബാഗുമായാണ് ഇയാൾ യുവതിയുടെ അപ്പാർട്ട്മെന്റിൽ എത്തിയത്."

യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഇയാൾ, അവർ ഉണ്ടായിരുന്ന മുറിയിൽ പ്രവേശിച്ച് അകത്തുനിന്ന് പൂട്ടുകയായിരുന്നു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ തലയിൽ പലതവണ കുത്തുകയും അവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ യുവതിയുടെ അമ്മായിയമ്മ ബാൽക്കണിയിലായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ, പ്രതി മുറിയിലാകെ പെട്രോൾ ഒഴിച്ച ശേഷം ശുചിമുറിയിൽ കയറി സ്വയം പൂട്ടിയിരിക്കുകയായിരുന്നു.

മുറിക്ക് തീയിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ഏറെ നേരത്തെ അനുനയ നീക്കങ്ങൾക്കൊടുവിലാണ് ഇയാളെ ശുചിമുറിയിൽ നിന്ന് പുറത്തിറക്കാൻ കഴിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി ഒരു ബാഗുമായി അപ്പാർട്ട്‌മെന്റിലെ ഇടനാഴിയിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.