മുംബൈ: വാക്കു തർക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. ദിവ സ്റ്റേഷനിലായിരുന്നു സംഭവം. 39 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജൻ ശിവനാരായൺ സിങ് അറസ്റ്റിലായി. യുവതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ റയിൽവെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് സംഭവമുണ്ടായത്. ശിവനാരായൺ സിങ്ങും യുവതിയും പ്ലാറ്റ്‌ഫോമിൽ സംസാരിച്ചു നിൽക്കവേ വാക്കേറ്റമുണ്ടാകുകയായിരുന്നു. യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഇയാൾ, കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. യുവതി തൽക്ഷണം മരിച്ചതായി പോലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവനാരായൺ സിങ്ങിനെ താനെ പോലീസ് പിന്തുടർന്ന് പിടികൂടി.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് സിംഗിനെ അറസ്റ്റ് ചെയ്യുകയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. ദൃക്‌സാക്ഷികളിൽ നിന്നും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.