- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മറ്റൊരു തട്ടുകടക്കാരന്റെ കൊട്ടേഷന്‍ ഏറ്റെടുത്ത് വന്ന് സംഘര്‍ഷമുണ്ടാക്കി; പൊലീസുകാരനെ കൊലപ്പെടുത്തിയത് തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിനിടെ; ജിബിന്‍ ജോര്‍ജ് കൊടും കുറ്റവാളി; സിപിഒ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുന്നു
സിപിഒ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുന്നു
കോട്ടയം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണവുമായി പൊലീസ്. പ്രതി ജിബിന്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഏഴ് കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളി ജിബിന്‍ ജോര്‍ജിന് ജാമ്യം കിട്ടുന്നതിന് മുന്‍പ് പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മറ്റൊരു തട്ടുകട ഉടമയുടെ കൊട്ടേഷന്‍ ഏറ്റെടുത്താണ് തെള്ളകത്തെ തട്ടുകടയില്‍ ജിബിന്‍ ജോര്‍ജ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ഹമീദിന്റെ മേല്‍നോട്ടത്തില്‍ ഏറ്റുമാനൂര്‍ എസ് എച്ച് ഒ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നീക്കം. ഉടന്‍തന്നെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മറ്റൊരു തട്ടുകടക്കാരന്റെ കൊട്ടേഷന്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും. തട്ടുകട ഉടമകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ടാണ് പ്രതി സംഘര്‍ഷം സൃഷ്ടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മറ്റൊരു തട്ടുകടക്കാരന്‍ പറഞ്ഞുതനുസരിച്ച് കൊട്ടേഷന്‍ ഏറ്റെടുത്ത് വന്ന ജിബിന്‍ കടയ്ക്ക് മുന്നിലെത്തി സംഘര്‍ഷം ഉണ്ടാക്കിയെന്നാണ് നടത്തിപ്പുകാരിയായ സാലിയുടെ മൊഴി. ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഇത് ഉറപ്പിക്കും. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും സിവില്‍ പൊലീസ് ഓഫീസറുമായ ശ്യാം പ്രസാദ് തട്ടുകടക്കാരും ജിബിനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വഴിയിലിട്ട് തുടര്‍ച്ചയായി നെഞ്ചില്‍ ചവിട്ടിയതോടെ വാരിയെല്‍ ഒടിഞ്ഞ് കയറി ശ്വാസകോശത്തില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം. ഇന്നലെ രാത്രി 7 മണിയോടെ ശ്യാം പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു.
ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി, നിലത്തു വീണ ഉദ്യോഗസ്ഥനെ ചവിട്ടി പരുക്കേല്‍പ്പിച്ചു. തളര്‍ന്നു വീണ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി സിപിഒ ശ്യാമപ്രസാദ് തെള്ളകത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അവിടെ വച്ച് ഒരു സംഘര്‍ഷം കാണുന്നത്. തട്ടുകട നടത്തുന്നയാളോട് ജിബിന്‍ കയര്‍ക്കുന്നതിനിടെ കടക്കാരന്‍ ഇതൊരു പൊലീസുകാരനാണെന്ന് അറിയിക്കുന്നു.
ഇതേത്തുടര്‍ന്ന് ജിബിന്‍ കൂടുതല്‍ പ്രകോപിതനാകുകയും പൊലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജിബിനും ശ്യാമപ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് ഉന്തും തള്ളുമായി മാറിയ വേളയില്‍ ശ്യാമപ്രസാദ് താഴെ വീഴുകയും ഉടന്‍ ജിബിന്‍ ശക്തമായി ചവുട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
ഉടന്‍ പ്രദേശത്ത് നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാര്‍ സംഭവസ്ഥലത്തെത്തി ശ്യാമപ്രസാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി തന്നെ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.