പട്ന: ബിഹാറിലെ ആശുപത്രിയില്‍ അഞ്ച് ആയുധാരികള്‍ പ്രവേശിക്കുന്നു. വളരെ കൂളായി രോഗിയുടെ മുറിയിലേക്ക് പോകുന്നു. അയാള്‍ക്ക് നേരേ തുരുതുരാ നിറയൊഴിക്കുന്നു. രക്ഷപ്പെടുന്നു. ഇത് ഒരുസിനിമാ രംഗമല്ല. ബിഹാറില്‍ ഇന്നുരാവിലെ സംഭവിച്ചതാണ്. തോക്കുകള്‍ പുറത്തെടുത്ത് അഞ്ച് ഷൂട്ടര്‍മാര്‍ ക്യാബിന്‍ ഡോര്‍ തുറന്ന് രക്ഷപ്പെടുന്നത് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. വെടിയേറ്റയാള്‍ ചന്ദന്‍ മിശ്ര ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയ ചന്ദന്‍ മിശ്രയെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബിഹാറിലെ പട്നയിലാണ് സംഭവം. ബക്സര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ചന്ദന്‍.

നിരവധി ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുള്ള ചന്ദന്‍ മിശ്ര ആരോഗ്യ കാരണങ്ങളുടെ പേരിലാണ് പരോളില്‍ ഇറങ്ങിയത്. പറ്റ്‌നയിലെ പരസ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്നുരാവിലെ നടന്ന സംഭവത്തിന് പിന്നില്‍ ചന്ദന്റെ എതിരാളി ഗ്യാങ് ആണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ഗാര്‍ഡുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.


കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ബ്യൂര്‍ ജയിലിലായിരുന്നു ചന്ദന്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2005 ന് മുമ്പ് ആര്‍ജെഡിയുടെ ഭരണകാലത്ത് ബിഹാറില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നോയെന്ന് പാര്‍ട്ടി നേതാവ് തേജസ്വി യാദവ് എക്സില്‍ കുറിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്ന് ലോക്സഭാ എംപി രാജേഷ് രഞ്ജന്‍ അഭിപ്രായപ്പെട്ടു.


കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ബിസിനസുകാരനായ ഗോപാല്‍ ഖെംക, ബിജെപി നേതാവ് സുരേന്ദ്ര കേവത്, അഭിഭാഷകന്‍ ജിതേന്ദ്ര മഹാതോ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.