കല്‍പ്പറ്റ: വയനാട്ടില്‍ ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളിലെ വസ്തുതകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എന്‍ എം വിജയന്റെ ആത്മഹത്യക്ക് വഴിവെച്ച സംഭവം എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ കാരണമെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം രാഷ്ട്രീയമായി വിവാദമായ കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കാണ് ഒരുങ്ങുന്നത്.

ആത്മഹത്യയുടെ കാരണം കണ്ടെത്തുന്ന തെളിവുകളിലേക്ക് എത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന രാഷ്ട്രീയ ആരോപണങ്ങളാണ് സജീവമായി നിലനില്‍ക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണസംഘത്തില്‍ നിന്ന് സൂചനകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍.എം വിജയനും 38 കാരനായ മകന്‍ ജിജേഷും വീടിനുള്ളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം.

മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. ഇതും എന്‍എം വിജയനെ ഏറെ വേദനത്തിപ്പിച്ച സംഭവമാണ്. സംഭവം രാഷ്ട്രീയ വിഷയം കൂടിയായി മാറിയിട്ടുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം, ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു.

എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സിപിഎം എംഎല്‍എ ഓഫീസിലേക്ക് ഇന്ന് രാവിലെ മാര്‍ച്ച് നടത്തി.വിവാദത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢോദ്ദേശ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ബാങ്ക് നിയമന വിവാദവുമായി ബന്ധപ്പെട്ട് രണ്ട് രേഖകളാണ് നിലവില്‍ പ്രചരിക്കുന്നത്. ഒന്ന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ എന്‍എം വിജയനും പീറ്റര്‍ എന്നയാളുമായി ഉണ്ടാക്കിയ കരാര്‍ എന്ന തരത്തിലുള്ള രേഖ. മറ്റൊന്ന് വിജയന്‍ കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി.

രണ്ടിലും ഐസി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇത് രണ്ടും വ്യാജമാണെന്ന് കോണ്‍ഗ്രസും എംഎല്‍എയും പറയുന്നു. ആരോപണങ്ങള്‍ക്കിടെ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി സിപിഎം. ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ആണ് മാര്‍ച്ച് നടത്തിയത്.

അര്‍ബന്‍ ബാങ്ക് നിയമന തട്ടിപ്പിന് പിന്നില്‍ എംഎല്‍എക്ക് പങ്കുണ്ടെന്നും ഇതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണമെന്നുമാണ് സിപിഎം ആരോപണം. ഐസി ബാലകൃഷ്ണന്‍ രാജിവെക്കണമെന്നും എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയും ഇന്ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.