തിരുവനന്തപുരം: നഗരൂരില്‍ മിസോറാം സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചത് ഇന്ന് പുലര്‍ച്ചെയുണ്ടായ കത്തികുത്തില്‍. രാജധാനി കോളേജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ഥി വാലന്റൈന്‍ വി.എല്‍. ചാന ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജിലെ ബിടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയമായ ടി. ലാസങ് സ്വാലയെ നഗരൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. നഗരൂരിലെ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവവരും കോളേജ് ഹോസ്റ്റലിലായിരുന്നില്ല താമസം. പുറത്ത് വീടെടുത്താണ് താമസിച്ചിരുന്നത്. ഇരുവരും ഇന്നലെ രാത്രി മദ്യപിച്ചിരുന്നതായി വിവരമുണ്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചുവെന്നാണ് സൂചന.

വാലന്റൈന് കഴുത്തിനും വയറിനും മാരകമായി കുത്തേറ്റിരുന്നു. വൈകാതെ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. വാലന്റൈനും ലാസങ് സ്വാലയും തമ്മില്‍ കോളേജിനകത്തും പുറത്തുംവെച്ച് മുമ്പ് നിരവധി തവണ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളതായി മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു.

നഗരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജങ്ഷനിലായിരുന്നു സംഭവം നടന്നത്.