കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കേസിലെ പ്രതികളെ അതിവേഗം പിടികൂടി. നവാസിനെ പിന്നില്‍ നിന്ന് കഴുത്തില്‍ കുത്തിയ പ്രതി സദ്ദാം അടക്കമുള്ളവരാണ് പിടിയിലായത്. സദ്ദാം അടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സദ്ദാമിന് പുറമേ അന്‍സാരി, ഷെഫീക്ക്, നൂര്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കൊടുംക്രിമിനലുകളാണ് അകത്തായത്.

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിവരുമ്പോള്‍ ഒരുസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രിതന്നെ ഇവര്‍ കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രിയാണ് കൊലപാതകം നടന്നത്. സഹോദരനെ ആക്രമിച്ചതറിഞ്ഞ് വിവരം തിരക്കാനെത്തിയ നവാസിനെ വെളിച്ചിക്കാലയില്‍ വഴിയിലിട്ട് അക്രമിസംഘം കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് ബൈക്കിലും ഓട്ടോയിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

കഴുത്തിനു പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തത്ക്ഷണം മരിച്ചു. മൃതദേഹം മീയണ്ണൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം.സഹോദരനും സുഹൃത്തിനും മര്‍ദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയതായിരുന്നു നവാസ്. ഇതിനിടെ തര്‍ക്കമുണ്ടാകുകയും കൂട്ടത്തിലെ സദ്ദാം കത്തിയെടുത്ത് നവാസിനെ കുത്തുകയുമായിരുന്നു. പിന്നില്‍ നിന്നും കഴുത്തിനേറ്റ കുത്തുകൊണ്ടതോടെയാണ് യുവാവ് മരിക്കാനിടയായത്. കുത്ത് കൊള്ളുന്നതും സ്ഥലത്ത് നിന്നും നവാസ് ഓടിമാറാന്‍ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ തിരികെ വരുന്നതിനിടെ, ബദരിയ സ്‌കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കള്‍ ഇരുവരെയും തടഞ്ഞു നിറുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് നബീലും സുഹൃത്തും കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് വിവരം നവാസിനെ ഫോണില്‍ അറിയിച്ചു. രാത്രി 10 ന് നവാസ് മുട്ടക്കാവില്‍ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കള്‍ സ്ഥലത്തുണ്ടായിരുന്നു.

നബീലിനെ മര്‍ദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നില്‍ നിന്ന് നവാസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. നവാസ് തത്ക്ഷണം മരിച്ചു. അക്രമികള്‍ അതിവേഗം രക്ഷപ്പെട്ടെങ്കിലും പോലീസ് അതിവേഗ അന്വേഷണം നടത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യപ്രതിയടക്കം അകത്താകുകയും ചെയ്തു.