കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതെന്ന് ആരോപണം ആവര്‍ത്തിച്ച് പമ്പുടമ ടി വി പ്രശാന്തന്‍. സ്വര്‍ണം പണയം വെച്ചാണ് കൈക്കൂലി നല്‍കിയതെന്നും പ്രശാന്തന്‍ വ്യക്തമാക്കി. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകള്‍ പ്രശാന്തന്‍ പൊലീസിന് കൈമാറി. ആറാം തിയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി കണ്ടു എന്നും അവിടെ നിന്നാണ് കൈക്കൂലി നല്‍കിയത് എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനണ് പ്രശാന്തന്‍.

നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഇതിന്റെ പേരില്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്ന ടൗണ്‍ സിഐയ്ക്കാണ്, കൈക്കൂലി നല്‍കിയതായി പ്രശാന്ത് മൊഴി നല്‍കിയത്. അതേസമയം പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഇലക്ട്രീഷ്യനായ പ്രശാന്തിന് ഒരു കോടിയിലേറെ രൂപമുതല്‍മുടക്ക് ആവശ്യമായ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്നാണെന്നാണ് ചോദ്യം. ആരോഗ്യവകുപ്പ് പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെട്രോള്‍ പമ്പിന് എന്‍ഐസി നല്‍കിയത് നിയമപരമായാണെന്നും ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍ഒസി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരായ ആരോപണങ്ങള്‍. എന്നാല്‍, ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും അന്വേഷണത്തില്‍ ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണ സംഘം കണ്ണൂര്‍ കലക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. കലക്ടറുടെ ഔഗ്യോഗിക വസതിയില്‍ എത്തിയാണ് മൊഴി എടുത്തത്. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്നാണ് കണ്ണൂര്‍ കലക്ടര്‍ നല്‍കിയ മൊഴി.

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ ആരോപിച്ചത്. എന്നാല്‍, ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.