- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാതിൽ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്ക് പോകാനും ബാൽക്കണി; നയനയുടെ മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്ന നിഗമനത്തിലേക്ക് പൊലീസ്; സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുന്നെന്ന അസ്ഫിക്സിയോഫീലിയ എന്ന് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലും; മരണത്തിൽ ദുരൂഹത വർധിക്കുമ്പോഴും വ്യക്തത വരുത്താതെ പൊലീസ്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തിലെ ദുരൂഹതകൾ തുടരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴും പൊലീസിന് കാര്യമായി മുന്നോട്ടു പോകാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് കേസിനെ കുറിച്ച് കൂടുതൽ വ്യക്തതകൾ പൊലീസ് നൽകിയിട്ടുമില്ല. അതേസമയം നയനയെ മരിച്ച നിലയിൽ ആദ്യം കണ്ട സുഹൃത്ത് മെറിൻ മാത്യുവിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കമ്മീഷ്ണർ എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലായിരുന്നു മൂന്നര മണിക്കൂറോളം നീണ്ട മൊഴിയെടുക്കൽ. മെറിൻ മാത്യുവിനെ നയനയുടെ മൃതദേഹം കണ്ട വീട്ടിലെത്തിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. ഡിസിപി വി അജിത്ത്, അസിസ്റ്റന്റ് കമ്മിഷണർ ജെ കെ ദിനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നയന കിടന്നിരുന്ന മുറിയുടെ വാതിൽ തള്ളിത്തുറക്കുകയായിരുന്നുവെന്ന് മെറിൻ മാത്യു മൊഴി നൽകിയിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. മുറി അകത്ത് നിന്ന് പൂട്ടിയിരുന്നില്ല എന്ന നിഗമനമാണ് പൊലീസിനുള്ളത്. വാതിൽ അമർന്നിരുന്നതാകാമെന്ന സാധ്യതയും പരിശോധിക്കും. വാതിൽ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്ക്‌പോകാനും കഴിയുംവിധമുള്ള ബാൽക്കണി ഈ വീട്ടിലുള്ളത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നതാണ്.
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇപ്പോൾ ഇവിടെ വേറെ വാടകക്കാരാണ് താമസം. നയന കിടന്നിരുന്ന മുറിയിലെ കട്ടിൽ ഉൾപ്പെടെ ഇവിടെ ഇപ്പോഴില്ല.
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ് വീണ്ടും അന്വേഷണത്തിലേക്ക് നയിച്ചത്. അടിവയറ്റിൽ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്സിയോഫീലിയയാണ് മരണകാരണമെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ കണ്ടെത്തലാണ് കേസിനെ കൂടുതൽ വിവാദത്തിലാക്കിയതും.
ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുകയും ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ദുരൂഹമരണത്തിൽ മ്യൂസിയം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടായെന്ന് വിലയിരുത്തലുണട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ നിയോഗിക്കാൻ സാധ്യതയേറി.
നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവശ്യം ഉയരുന്നത്. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ ഏറിയത്. ഇതേ തുടർന്നാണ് ഡിസിആർബി അസി.കമ്മീഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്.
നയനയുടെതുകൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിൻെര വിലയിരുത്തൽ. പക്ഷെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല. മാത്രമല്ല ചില നിർണായക വിവരങ്ങൾ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.
നേരത്തെ നടന്ന അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ പരിശോധന.ആൽത്തറ നഗറിലെ വാടക വീട്ടിൽ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടിച്ചിട്ട മുറിയിൽ ഒരാൾ മരിക്കണമെങ്കിൽ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ സ്വാഭാവിക മരണം. നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചത് സ്വയം പീഡനമേൽപ്പിച്ചതിനെത്തുടർന്ന് പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്.
വിദഗ്ധ സംഘത്തിന്റെ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്. കഴുത്തിൽ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാൻക്രിയാസിന്റെയും മുകൾഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്.ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്നത്.പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലാണ് ആശയക്കുഴപ്പം.
നേരത്തെ മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിന്റെ രേഖകൾ സംഘം പരിശോധിച്ചു. നേരത്തെ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് നോക്കുകയാണെന്നു ഡിസിപി വി. അജിത്തും പറഞ്ഞു. നയനയുടെ സഹോദരനോട് പൊലീസ് വിവരം തേടും.
മറുനാടന് മലയാളി ബ്യൂറോ