പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍, പൊലീസിനെ കബളിപ്പിച്ച് പ്രതി ചെന്താമര ഒളിവില്‍ തുടരുന്നു. ചെന്താമരയുടെ ഫോണ്‍ സിം ഓണായതായി ഒടുവില്‍ വിവരം കിട്ടി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ എന്നും പൊലീസ് സംശയിക്കുന്നു. പ്രതിയ തിരയാന്‍ 125 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സഹായത്തിന് നാട്ടുകാരുമുണ്ട്.

കൊലയ്ക്ക് ശേഷം പ്രതി ഒളിച്ചിരിക്കാന്‍ സാധ്യത ഉണ്ടെന്ന് കരുതുന്ന കാട് കേന്ദ്രീകരിച്ചും, ഇയാള്‍ പോകാന്‍ സാധ്യതയുള്ള തമിഴ്‌നാട്ടിലെ തിരുപ്പൂരിലും, പാലക്കാട് ടൗണില്‍ പ്രതിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും തെരച്ചില്‍ തുടരുന്നതിനിടെയാണ് തിരുവമ്പാടിയില്‍ സിം ആക്ടീവ് ആയത്.

പ്രതിയുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ സിഗ്നലാണ് തിരുവമ്പാടിയില്‍ കാണിച്ചത്. പിന്നീട് ആ ഫോണ്‍ ഓഫാകുകയും ചെയ്തു. ഇതിനിടെ തുടര്‍ന്ന് ചെന്താമരക്കായി കോഴിക്കോട് ജില്ലയിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ക്വാറിയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉള്‍പ്പെടെ വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി അജിത്കുമാര്‍ പറഞ്ഞു. പ്രതി നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി വിവരമുണ്ടെന്നും എല്ലാ ഫോണ്‍ നമ്പരുകളും ശേഖരിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും എസ്.പി പറഞ്ഞു. തിരച്ചിലിനായി നാളെ കഡാവര്‍ നായ്ക്കളെ കൊണ്ടുവരും. പ്രതിക്കായി ഇന്നലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു.

അതിനിടെ, നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നു. സുധാകരന്റെ ശരീരത്തില്‍ 8 വെട്ടുകളുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്‌കാരം ഇന്ന് നടക്കും.