ആലപ്പുഴ: തകഴി കുന്നുമ്മയില്‍ മരണ ശേഷം കുഴിച്ചുമൂടിയ നവജാത ശിശുവിനെ പ്രസവിച്ചത് അവിവാഹിതയായ അമ്മ. കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പക്ഷേ അതുറപ്പിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വേണ്ടി വരും.

കുഞ്ഞിന്റെ അമ്മ തന്നെയാണ് കുഞ്ഞിന്റെ മൃതദേഹം ആണ്‍ സുഹൃത്തിന് കൈമാറിയത്. ആണ്‍ സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ നിഗമനം. ഏഴാം തീയതിയാണ് യുവതി വീട്ടില്‍ കുഞ്ഞിന് പ്രസവം നല്‍കിയത്. അടുത്ത ദിവസം യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടി. എന്നാല്‍ കുഞ്ഞിനെ ചോദിച്ചപ്പോള്‍ അമ്മ തൊട്ടിലില്‍ കൈമാറിയെന്ന് പറഞ്ഞു. പിന്നീടും ചോദിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചേര്‍ത്തല പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുഞ്ഞിനെ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആണ്‍ സുഹൃത്തിന് കൈമാറി എന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം തകഴി റെയില്‍വേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന്പൊലീസ് അറിയിച്ചു.

ആദ്യം ചേര്‍ത്തല പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവയും വിശ്വാസ യോഗ്യമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ യുവതി ആണ്‍സുഹൃത്തിന് കൈമാറിയതെന്ന് കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് ഏഴാം തീയതി വീട്ടില്‍ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറുവേദനയെ തുടര്‍ന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.

കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസ് അന്വേഷണത്തിന് എത്തിയത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കല്‍ സ്വദേശിനിയായ പെണ്‍സുഹൃത്താണ് പ്രസവിച്ചത്.