- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠികൾ പിരിച്ചു നൽകിയത് പത്തര ലക്ഷത്തോളം രൂപ; അദ്ധ്യാപകരിൽ നിന്നും തട്ടിച്ചെടുത്തത് 15 ലക്ഷം രൂപയും: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
തൊടുപുഴ: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് പഴയ സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബിജു (45) ആണു പിടിയിലായത്. സഹപാഠികൾ അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ച് സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബന്ധുക്കളുടെ പേരിൽ വിളിച്ചുമാണ് ഇയാൾ പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.
താൻ പഠിച്ചിരുന്ന പാലായിലെ ഒരു കോളജിന്റെ വാട്സാപ് ഗ്രൂപ്പിൽ ഇയാൾ അംഗമായിരുന്നു. ഈ ഗ്രൂപ്പ് വഴിയാണ് ഇയാൾ തട്ടിപ്പിന് തുടക്കം കുറിച്ചത്. തനിക്കു കാൻസറാണെന്നു കാട്ടി ഇയാൾ ഗ്രൂപ്പിൽ സന്ദേശമിട്ടു. ഇതറിഞ്ഞ സഹപാഠികൾ ഇതിൽ വിഷമം രേഖപ്പെടുത്തി. തുടർന്ന് ഇയാളുടെ അമ്മാവനെന്നു പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പ് അംഗങ്ങളെ വിളിച്ച് ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
തുടർന്നു സഹപാഠികൾ ഇയാുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ഒരുമിച്ചു. പത്തര ലക്ഷത്തോളം രൂപയാണ് ഇവർ പിരിച്ചുനൽകിയത്. തുടർന്ന്, സഹോദരി എന്ന് പരിചയപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്ത്രീ ശബ്ദത്തിൽ ഇയാൾ അദ്ധ്യാപകരെ വിളിച്ചും സഹായം അഭ്യർത്ഥിച്ചു. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചെടുത്തെന്നാണു പൊലീസ് പറയുന്നത്.
'അമ്മാവന്റെ' നമ്പറിലേക്കു വിളിച്ച സഹപാഠികൾക്കു സംശയം തോന്നിയതോടെ അന്വേഷണം തുടങ്ങി. തൊടുപുഴയിൽ ജോലി ചെയ്യുന്ന ഒരാൾ ഇയാളെ ടൗണിൽ കണ്ടു. പുതിയ കാർ വാങ്ങിയതായും മനസ്സിലായി. തുടർന്നു തൊടുപുഴ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി എം.ആർ.മധു ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.