- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം; മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചെന്ന് പരാതി; കേസിൽ വീട് റെയ്ഡ് ചെയ്യാൻ കാട്ടിക്കൊടുത്തതിന്റെ വിരോധമെന്ന് പൊലീസ്; അഞ്ച് പേർക്കെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: കാസർകോട് കീക്കാനം പൂച്ചക്കാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിന്റെ സഹോദരനും മകനുമെതിരെ ആക്രമണം. പൂച്ചക്കാട് മീത്തൽ ബൈത്തുൽ നൂറിലെ മുഹമ്മദ് ശരീഫ് (50), മകൻ ബദറുദ്ദീൻ (19) എന്നിവരെയാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. ഗഫൂറിന്റെ മരണമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വീട് റെയ്ഡ് ചെയ്യാൻ പൊലീസിന് കാട്ടിക്കൊടുത്തതിന്റെ വിരോധത്തിനാണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം വൈകീട്ട് 6 .30നാണ് സംഭവം.
അക്രമവുമായി ബന്ധപ്പെട്ട് പൂച്ചക്കാട് സ്വദേശികളായ സൈഫുദ്ദീൻ, ബി.കെ. ശമ്മാസ്, ബി.കെ. അസറുദ്ദീൻ, ബി.കെ. ഉബൈസ്, ബി.കെ. റയീസ് എന്നിവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇരുമ്പ് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. ഗഫൂറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തുകയും നിരവധി പേരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ബേക്കൽ പൂച്ചക്കാട് സ്വദേശിയായ ഗൾഫ് വ്യവസായിയുടെ മരണത്തിൽ ദൂരുഹതയെന്ന പരാതിയിൽ ബേക്കൽ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിരുന്നു. കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽറഹ്മയിലെ എം.സി.അബ്ദുൽഗഫൂർ (55) നെയാണ് കഴിഞ്ഞ 13നും വൈകിട്ട് 5.30നും 14നു പുലർച്ചെ 5 മണിക്കും ഇടയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗഫൂറിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്.
മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മകനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്്് ആരെങ്കിലും വന്നിരുന്നോ എന്നതടക്കം അന്വേഷിച്ചുരുന്നു. വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഒരു യുവതിക്കെതിരെ ആരോപണം ഉയർന്നിരുന്നു. അബ്ദുൾ ഗഫൂറിന്റെ സുഹൃത്തായ ഈ യുവതി വീട്ടിൽ വന്നിരുന്നോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു.
ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ഗഫൂർ ഹാജി തനിച്ചായിരുന്നു. വൈകിട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടിൽ നിന്ന് ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പുലർച്ചെ അത്താഴ സമയത്ത് ആളനക്കം കാണാത്തതിനാൽ ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂർ ഹാജി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലാത്തതിനാൽ മയ്യത്ത് ഉച്ചയോടെ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയും ചെയ്തു.
ഭാര്യയും മക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണു സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം കബറടത്തിയത്. ഇതിനു ശേഷം വീട്ടിലുണ്ടായിരുന്ന അറൂനൂറോളം പവൻ സ്വർണം നഷ്ടമായിയെന്ന് വീട്ടുകാരുടെ പരാതിയുണ്ടാകുന്നത്. ഇതോടെയാണ് അബ്ദുൽഗഫൂറിന്റെ മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ