ബെംഗളൂരു: യുവതിയുടെ ലൈംഗികാരോപണ പരാതിയിൽ ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ഡ്രൈവർ അറസ്റ്റിൽ. ബൈക്ക് യാത്രയ്ക്കിടെ ഇയാൾ സ്വയംഭോഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ആതിര പുരുഷോത്തമൻ എന്ന യുവതിയാണ് പരാതി നൽകിയത്. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുക്കാൻ ബെംഗളൂരു ടൗൺ ഹാളിൽ പോയി വീട്ടിലേക്ക് തിരിച്ചു വരവേ വെള്ളിയാഴ്ചയാണ് സംഭവമെന്ന് ആതിര ട്വീറ്റ് ചെയ്തു. വാട്‌സാപ്പ് സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ആതിര താൻ നേരിട്ട അതിക്രമം ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.

യാത്രയ്ക്ക് ശേഷം നിരന്തരം ഫോണിലൂടെയും വാട്‌സ്ആപിലൂടെയും ബൈക്ക് ടാക്‌സി ഡ്രൈവർ ശല്യം ചെയ്തതായും ബംഗളുരു സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു. ബൈക്ക് ടാക്‌സി ആപ്ലിക്കേഷനായ റാപിഡോയിൽ നിന്ന് ബുക്ക് ചെയ്ത യാത്രയ്ക്കിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ ബംഗളുരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

'റാപ്പിഡ് ഓട്ടോയിൽ വീട്ടിലേക്കു പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഓട്ടോ ലഭിക്കാത്തതിനെ തുടർന്നാണ് ബൈക്ക് ബുക്ക് ചെയ്തത്. ഞാൻ ബുക്ക് ചെയ്ത ബൈക്കുമായല്ല അയാൾ എത്തിയത്. റാപ്പിഡോ ആപ്പിൽ ബുക്ക് ചെയ്ത ബൈക്ക് സർവീസിനു കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കുമായി വന്നതെന്നും അയാൾ പറഞ്ഞു. തുടർന്ന് അയാളുടെ ആപ്പിലൂടെ ബുക്കിങ് ശരിവച്ചതിനു ശേഷം ബൈക്കിൽ കയറി.'

''കുറച്ച് സമയത്തിനു ശേഷം ആളില്ലാത്ത ഒരു ഇടവഴിയിലേക്കു ബൈക്ക് കയറി. സമീപത്ത് വാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. തുടർന്ന് ഡ്രൈവർ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേർപ്പെടുകയും ചെയ്തു. ഞാൻ ആകെ ഭയന്നുപോയി. എന്റെ സുരക്ഷ നോക്കി ആ സമയം ഞാൻ ഒന്നും പറഞ്ഞില്ല.'

''എന്റെ വീടിരിക്കുന്ന സ്ഥലം അയാൾക്ക് മനസ്സിലാകാതിരിക്കാൻ യഥാർഥത്തിൽ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയാണ് ഞാൻ ഇറങ്ങിയത്. എന്നാൽ പിന്നീട് അയാൾ എനിക്ക് വാട്‌സാപ്പിൽ മെസേജ് അയയ്ക്കാൻ ആരംഭിച്ചു. തുടർന്ന് അയാളുടെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്തു' ആതിര ട്വീറ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി റാപ്പിഡോയിൽ പരാതി ഉന്നയിക്കുകയും അവരുടെ സുരക്ഷാ ക്രമീകരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഓൺലൈനായി ഓട്ടോ വിളിക്കാൻ ശ്രമിച്ചെങ്കിലും നിരവധി തവണ ട്രിപ്പ് ക്യാൻസലായതോടെയാണ് ബൈക്ക് ടാക്‌സി ആപ്ലിക്കേഷനിൽ നിന്ന് ബൈക്ക് ടാക്‌സി വിളിച്ചത്. എന്നാൽ ഡ്രൈവർ എത്തിയത് ആപിൽ കാണിച്ച ബൈക്കുമായി ആയിരുന്നില്ല. വണ്ടി സർവീസ് സെന്ററിലാണെന്നും അതുകൊണ്ടാണ് വേരൊരു ബൈക്ക് കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞു. യുവതി ബുക്കിങ് കൺഫേം ചെയ്ത് ബൈക്കിൽ കയറി.

ഇലക്ട്രോണിക് പേയ്‌മെന്റ് രീതിയിലൂടെ പണം നൽകിയ ശേഷം ഇയാൾ നിരന്തരം ഫോൺ വിളിക്കാൻ തുടങ്ങി. വാട്‌സ്ആപിലൂടെ ഇയാൾ അയച്ച സന്ദേശങ്ങളും യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നമ്പർ ബ്ലോക്ക് ചെയ്‌തെങ്കിലും പല നമ്പറുകളിൽ നിന്ന് വിളിച്ച് ഇയാൾ ശല്യം ചെയ്യാൻ തുടങ്ങി. യാത്രക്കാരുടെ സുരക്ഷയ്ക്ക് എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്ന് യുവതി ബൈക്ക് ടാക്‌സി കമ്പനിയോട് ആരാഞ്ഞു. ട്വീറ്റ് ശ്രദ്ധയിൽപെട്ട ഉടനെ അന്വേഷണം നടത്തിയെന്നും ആരോപണ വിധേയനായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ബംഗളുരു സിറ്റി പൊലീസ് സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി.