- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് പട്ടാപ്പകൽ വീടു കുത്തി തുറന്ന് മോഷണം; അലമാലയിരുന്ന വജ്രമാലയടക്കം 40 പവന്റെ സ്വർണം കള്ളൻ കൊണ്ടു പോയി; മോഷണം നടന്നത് തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിൽ: നഷ്ടമായത് 22 ലക്ഷം രൂപയുടെ ആഭരണങ്ങൾ
കോട്ടയം: കോട്ടയത്ത് പട്ടാപ്പകൽ വീടു കുത്തി തുറന്ന് 40 പവൻ കവർന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രമാലയടക്കം മൊത്തം 22 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കള്ളൻ കൊണ്ടു പോയി, തെള്ളകം പഴയാറ്റ് ജേക്കബ് ഏബ്രഹാമിന്റെ വീട്ടിൽ ശനിയാഴ്ച പകലാണു കവർച്ച നടന്നത്. വീട്ടില് ആരുമില്ലാത്ത സമയം നോക്കി അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്.
അടുക്കള വാതിൽ കുത്തിത്തുറന്നാണ് കള്ളന്മാർ അകത്തു കടന്നത്. ജേക്കബ്, ഭാര്യ ലില്ലിക്കുട്ടി, മരുമകൾ അലീന എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. മകൻ അഭി ജേക്കബ് വിദേശത്താണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ജേക്കബിന്റെ മകന്റെ വിവാഹം നടന്നത്. വിവാഹാവശ്യത്തിനായി എടുത്ത വജ്രമാല ഉൾപ്പെടെയാണു മോഷണം പോയത്. ഈ വിവരം അറിഞ്ഞു വെച്ചവർ ആവാം മോഷണത്തിന് കയറിയത് എന്ന സംശയത്തിലാണ് പൊലീസ്.
ശനിയാഴ്ച രാവിലെ ജേക്കബും കുടുംബവും ഷോപ്പിങ്ങിനായി പോയശേഷം രാത്രി 8ന് ആണു തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം ഇവർ അറിയുന്നത്. ഉച്ചകഴിഞ്ഞ് ജേക്കബിന്റെ വീടിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു. എന്നാൽ, വീട്ടുകാരായിരിക്കുമെന്ന നിഗമനത്തിൽ അയൽവാസികൾ ഇത് ശ്രദ്ധിച്ചതുമില്ല.
വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയവരാകാം മോഷണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതു കൃത്യമായി മാറ്റിവച്ച ശേഷം സ്വർണാഭരണങ്ങൾ മാത്രമാണു കവർന്നിരിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്.