- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചിതയെന്ന് പറഞ്ഞു പറ്റിച്ചു; പ്രവാസിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് 12 ലക്ഷം തട്ടി യുവതിയും കുടുംബവും; കൂടുതൽ പണം ആവശ്യപ്പെട്ടെന്നും വധ ഭീഷണി മുഴക്കിയെന്നും പരാതി നൽകി പ്രവാസി
കൊല്ലം: പ്രവാസി യുവാവിനെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വിവാഹ മോചിതയാണെന്നും യുവാവിനെ വിവാഹം ചെയ്യാൻ താൽപര്യം ഉണ്ടെന്നും പറഞ്ഞു പറ്റിച്ചാണ് വൻ തട്ടിപ്പു നടത്തിയത്. യുവതിയും കുടുംബവും ചേർന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതൽ പണം ആവശ്യപ്പെട്ടെന്നും വധഭീഷണി മുഴക്കിയെന്നും കാണിച്ചു പ്രവാസി പൊലീസിൽ പരാതി നൽകി.
പരവൂർ തെക്കുംഭാഗം സ്വദേശിയാണു കമ്മിഷണർക്കു പരാതി നൽകിയത്. കണ്ണൂർ ചിറയ്ക്കൽ സ്വദേശിയായ യുവതി അവരുടെ സഹോദരിയുടെയും മാതാപിതാക്കളുടെയും സഹായത്തോടെ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസ് മടിക്കുകയാണെന്നും പ്രവാസി കമ്മീഷണർക്ക് നൽകിയ ആരോപിക്കുന്നു. യുവതിയുടെ തട്ടിപ്പിന് വീട്ടുകാരും ഒപ്പം നിന്നതായും യുവാവിന്റെ പരാതിയിൽ പറയുന്നു.
യുവതിയുടെ ബന്ധു ഇദ്ദേഹത്തിനൊപ്പം വിദേശത്തു ജോലി ചെയ്തിരുന്നു. ഇയാൾ വഴിയാണ് യുവതി പ്രവാസിയെ പരിചയപ്പെടുന്നത്. തുടർന്നു സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതി വിവാഹമോചിതയാണെന്നു ഇദ്ദേഹത്തെ ധരിപ്പിച്ചു. വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നു കഴിഞ്ഞ വർഷം ജൂണിൽ അറിയിക്കുകയും ചെയ്തു. ആദ്യവിവാഹം പരാജയപ്പെട്ടെന്നും യുവതിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ സഹായിക്കണമെന്നും മാതാപിതാക്കളും ആവശ്യപ്പെട്ടു.
ഇവരുടെ കള്ളക്കഥ വിശ്വസിച്ച ഇയാൾ വിവാഹം ചെയ്യാൻ താൽപര്യം അറിയിച്ചു. പിന്നീട് പല ആവശ്യങ്ങൾ പറഞ്ഞു പ്രവാസിയിൽ നിന്നു പണവും ഈടാക്കി. ഒരു തവണ യുവതിയുടെ ബന്ധുക്കൾ പരവൂരിലെ വീട്ടിൽ എത്തിയും പണം വാങ്ങിയതായി പറയുന്നു. പിന്നീടു യുവതി വിവാഹമോചിതയല്ലെന്നറിഞ്ഞു ചോദ്യംചെയ്ത പ്രവാസിയെ ക്വട്ടേഷൻ നൽകി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മാനസികമായ തകർന്ന പ്രവാസിക്കു ചികിത്സ തേടേണ്ടി വന്നതായും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ