പത്തനംതിട്ട: അടൂർ ഏഴംകുളം നെടുമണിൽ അമ്പത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നെടുമൺ ഓണവിള പുത്തൻവീട്ടിൽ അനീഷ് ദത്തന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ അനീഷ് ദത്തന്റെ സഹോദരൻ മനോജ് ദത്തൻ, സുഹൃത്ത് ബിനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപാനത്തിനിടെ മൂവരും തമ്മിലുണ്ടായ തർക്കവും അടിപിടിയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മദ്യപിക്കുന്നതിനിടെ മൂവരും തമ്മിൽ വഴക്കുണ്ടായപ്പോൾ പിടിവലിയും നടന്നിരുന്നു. ഈ പിടിവലിക്കിടെ അനീഷ് ദത്തന്റെ തലയിടിച്ച് മരണം സംഭവിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ചൊവ്വാഴ്ച പുലർച്ചെയാണ് അനീഷ് ദത്തനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അനീഷും സഹോദരൻ മനോജും അമ്മ ശാന്തമ്മയും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്ച രാത്രി സഹോദരങ്ങളും ഇവരുടെ സുഹൃത്തായ ബിനുവും ചേർന്ന് വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി ശാന്തമ്മയും മൊഴിനൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അമ്മ എഴുന്നേറ്റുവന്നപ്പോഴാണ് അനീഷ് ദത്തനെ മരിച്ചനിലയിൽ കണ്ടത്.

അമ്മയുടെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിനിടയാക്കിയത്. തുടർന്ന് മനോജ് ദത്തനെയും ബിനുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവർ കുറ്റംസമ്മതിക്കുകയായിരുന്നു. ഹൃദ്രോഗിയായ അനീഷ് അടുത്തിടെയാണ് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് അനീഷിന്റെ ഭാര്യയും മക്കളും ഏറെനാളായി വേർപിരിഞ്ഞ് താമസിക്കുകയാണ്.