തൃശ്ശൂർ: കഴിഞ്ഞ 27-ന് ആണ് കേരളത്തെ തന്നെ ഞെട്ടിച്ച എടിഎം കവർച്ച നടന്നത്. മോഷണത്തിനുശേഷം പ്രതികൾ കണ്ടെയ്നറിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്‌നാട് നാമക്കലിൽ വച്ച് ഏറ്റുമുട്ടലിലൂടെയാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്.

അതിൽ ഒരു പ്രതി കൊല്ലപ്പെട്ടു. ഇപ്പോഴിതാ കവർച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എ.ടി.എം. കവർച്ചക്കേസിലെ പ്രതികൾ മോഷ്ടിച്ച് കിട്ടുന്ന പണം ഓൺലൈൻ റമ്മി കളിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് സൂചനകൾ ലഭിക്കുന്നു.

എ.ടി.എം. തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയാണ് ഉപേക്ഷിച്ചത് എന്നതു സംബന്ധിച്ച സൂചനയും പോലീസിന് കിട്ടിയിട്ടുണ്ട് എന്നറിയുന്നു. ശനിയാഴ്ച നടന്ന ചോദ്യംചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതികളുടെ സാമ്പത്തിക ഇടപാട്‌ സംബന്ധിച്ചും പോലീസ് ഇപ്പോൾ അന്വേഷിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

തെളിവെടുപ്പിന്റെ ഭാഗമായി എ.ടി.എം. തകർക്കാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമവും പോലീസ് നടത്തും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ അഞ്ച്‌ പ്രതികളുടെയും ചോദ്യംചെയ്യൽ തുടരുകയാണ്.

ശനിയാഴ്ച അഞ്ച്‌ പ്രതികളുടെയും വിരലടയാളങ്ങൾ പരിശോധനയ്ക്കായി എടുത്തു. ഞായറാഴ്ച തെളിവെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.

ഷൊർണൂർ റോഡിലെ എ.ടി.എമ്മിലാകും ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പ്. ഹരിയാണ പൽവാൽ സ്വദേശികളായ ഇർഫാൻ (32), സാബിർഖാൻ (26), ഷൗക്കീൻഖാൻ (23), മുബാറക് (18), മുഹമ്മദ് ഇക്രാം (42) എന്നിവരെയാണ് പോലീസ് ചോദ്യംചെയ്യുന്നത്. പ്രതികളിൽ ഒരു വിരലടയാളം പോലീസ് നേരത്തെ തിരിച്ചറിയുകയും ചെയ്തിരുന്നു.

മോഷണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇക്രാമിന്റെ വിരലടയാളമാണിത്. വിരലടയാളത്തിന്റെ ദേശീയ ഡേറ്റാ ബേസിൽനിന്നാണ് ഇത് തിരിച്ചറിഞ്ഞത്.

മറ്റു പ്രതികളുടെക്കൂടി വിരലടയാളം തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കസ്റ്റഡിയിലുള്ള എല്ലാവരും എ.ടി.എം. കേന്ദ്രത്തിൽ കയറിയിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മൂന്നുപേർ മാത്രമാണ് മോഷണം നടന്ന എ.ടി.എം. കേന്ദ്രങ്ങളിൽ കയറിയതെന്നാണ് പോലീസ് കരുതുന്നത്. ഇവർ ആരൊക്കെ എന്നതിനു വ്യക്തത വരാൻ വിരലടയാളപരിശോധന വേണം.

മോഷണത്തിനുശേഷം ഇവിടെ നടന്ന പരിശോധനയിൽ നിരവധിപേരുടെ വിരലടയാളങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിൽനിന്ന്‌ മോഷ്ടാക്കളുടെ മാത്രം വിരലടയാളം വേർതിരിച്ചെടുക്കാനും ഈ പരിശോധന വളരെ ആവശ്യമാണ്. കഴിഞ്ഞ 27-ന് ജില്ലയിലെ മൂന്നിടങ്ങളിലായി നടന്ന എ.ടി.എം. കവർച്ചയിൽ 69.43 ലക്ഷം രൂപയാണ് നഷ്ടമായത്.