മല്ലപ്പള്ളി: വിവാഹബന്ധം വേര്‍പെടുത്തിയതിലെ വിരോധം മൂലം യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും മര്‍ദ്ദിച്ച കേസില്‍ മുന്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലിക്കാത്തകിടി പൂങ്കോട്ടമണ്ണില്‍ വീട്ടില്‍ നിന്നും, ഏലിയാസ് കവലയ്ക്ക് സമീപം താഴത്തെക്കൂടത്തില്‍ വീട്ടില്‍ ബീന വില്‍സന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബി ആര്‍ രാഹുല്‍ (29) ആണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മല്ലപ്പള്ളി ഈസ്റ്റ് ചേര്‍ത്തോട് പുളിഞ്ചിമൂട്ടില്‍ ആല്‍വി എബ്രഹാമി(23)നും 17 വയസ്സുള്ള സഹോദരനുമാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ഒന്നിന് വൈകിട്ട് അഞ്ചിനാണ് സംഭവം. ഭര്‍ത്താവിന്റെ ദുര്‍നടപ്പ് കാരണം വിവാഹബന്ധം വേര്‍പെടുത്തിയതിലെ വിരോധത്താലാണ് രാഹുല്‍ ഇരുവരെയും ദേഹോപദ്രവം ഏല്‍പ്പിച്ചത്. ആല്‍വിയ തന്റെ സര്‍ട്ടിഫിക്കറ്റും വസ്ത്രങ്ങളും എടുക്കാന്‍ വേണ്ടി സഹോദരനെയും കൂട്ടി രാഹുലും മറ്റും താമസിക്കുന്ന വീട്ടില്‍ വൈകുന്നേരം എത്തി.

എന്നാല്‍ അവ എടുത്തു കൊണ്ടു പോകാന്‍ അനുവദിക്കാതെ ഇരുവരെയും തടഞ്ഞുനിര്‍ത്തിയ രാഹുല്‍ യുവതിയുടെ അനുജനെ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ളുകയും, അടിക്കുകയും മുറ്റത്തിരുന്ന ചെടിച്ചട്ടിയെടുത്ത് എറിഞ്ഞ് കയ്യിലും വയറിലും പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തു. രണ്ടാം പ്രതി രാഹുലിന്റെ അച്ഛന്‍ രഘുനാഥന്‍ നായര്‍ പട്ടിക കഷണം കൊണ്ട് അലന്റെ തലയ്ക്കു അടിച്ചു ബോധം കെടുത്തി. രാഹുല്‍ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ കൊണ്ട് ആല്‍വിയയുടെ തലയ്ക്കും നടുവിനും പുറത്തും അടിച്ചു.

ആല്‍വിയ വിവരം വീട്ടില്‍ വിളിച്ച് അറിയിച്ചതിന് രാഹുല്‍ ഫോണ്‍ പിടിച്ചു വാങ്ങി തറയില്‍ എറിഞ്ഞുടച്ചതില്‍ 5000 രൂപയുടെ നഷ്ടം സംഭവിച്ചു. യുവതിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ച കീഴ്വായ്പ്പൂര്‍ പോലീസ് സംഭവ ദിവസം രണ്ടാം പ്രതിയെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.