ഡൽഹി: 'ഡി.ജെ കൺസോൾ' നന്നാക്കാനായി പണം നൽകാത്തതിൽ അമ്മയെ മകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ​ഗാസിയാബാദ് സ്വദേശി സം​ഗീത ത്യാ​ഗി(47) ആണ് കൊല്ലപ്പെട്ടത്. ​സംഭവത്തിൽ സം​ഗീതയുടെ മകൻ സുധീർ, സുഹൃത്തുക്കളായ അങ്കിത്, സച്ചിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്.

ഗാസിയാബാദിലെ ട്രോണിക്ക സിറ്റി മേഖലയിൽ നിന്നാണ് സം​ഗീതയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ മകൻ സുധീർ ഒന്നിലധികം കവർച്ച കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണെന്ന് കണ്ടെത്തി. പ്രതി ലഹരിക്കടിമയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

പരിപാടികളിൽ ഡി.ജെ. ആയി ജോലി ചെയ്യുകയായിരുന്നു സുധീർ എന്നാണ് പോലീസ് പറയുന്നത്. ഒരു തുണി ഫാക്ടറിയിലായിരുന്നു സം​ഗീത ജോലി ചെയ്തിരുന്നത്. അടുത്തിടെ, തന്റെ ഡി.ജെ. കൺസോൾ നന്നാക്കുന്നതിനായി സുധീർ അമ്മയോട്‌ 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ സം​ഗീത വിസമ്മതിച്ചതാണ് സുധീറിനെ ചൊടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു.

ഒക്ടോബർ മൂന്നിന് അമ്മയെ ബൈക്കിൽ കയറ്റി സുഹൃത്തുക്കളായ അങ്കിതും സച്ചിനും കാത്തിരിക്കുന്ന സ്ഥലത്തേക്ക് സുധീർ പോയി. അവിടെവെച്ച് മൂന്നുപേരും ചേർന്ന് സം​ഗീതയുടെ തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശേഷം മൃതദേഹം ട്രോണിക്ക സിറ്റി പ്രദേശത്ത് ഉപേക്ഷിച്ചതിന് ശേഷം ഇവർ കടന്നുകളഞ്ഞതായും പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.