ടോക്കിയോ: സഞ്ചാരികളായി വിവിധ രാജ്യങ്ങളിൽ നമ്മൾ യാത്ര ചെയ്യുമ്പോൾ മനോഹരമായ പല കാഴ്ചകളും നമ്മൾ കാണും. അത് ചിത്രം എടുത്ത് വയ്ക്കുന്നതും ഒരു ഹോബിയാണ്. കാരണം നമ്മൾ അവിടെ പോയതിന് തെളിവായും അതുപോലെ എന്നും അത് ഓർമിക്കാനും കൂടിയാണ് അങ്ങനെ ചെയ്യുന്നത്. ഇപ്പോഴിതാ അങ്ങനെ ചെയ്ത ഒരാൾക്ക് സംഭവിച്ച വിനയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

ജപ്പാൻ ടോക്കിയോയിലെ ഒരു ദേവാലയത്തിലേക്കുള്ള കവാടത്തിൻ്റെ തൂണിൽ നഖങ്ങൾ കൊണ്ട് അക്ഷരങ്ങൾ എഴുതിവച്ചതിന് ഒരു അമേരിക്കൻ വിനോദസഞ്ചാരിയെയാണ് അറസ്റ്റ് ചെയ്തത്. 65 കാരനായ സ്റ്റീവ് ലീ ഹെയ്‌സെന്നയാളെയാണ് പോലീസ് പിടികൂടിയത്. ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ടോക്കിയോയിലെ ഷിബുയ വാർഡിലെ ഒരു ആരാധനാലയത്തിൻ്റെ ഗേറ്റിൻ്റെ തൂണിലാണ് യുഎസ് പൗരനായ ഹെയ്‌സ് അക്ഷരങ്ങൾ എഴുതിവച്ചത്. മെയ്ജി ദേവാലയത്തിലെ ടോറി ഗേറ്റ് എന്നറിയപ്പെടുന്ന പരമ്പരാഗത കവാടത്തിൻ്റെ മരത്തൂണിലാണ് അക്ഷരങ്ങൾ എഴുതിയത്.

ടോറി ഗേറ്റുകളിലൊന്നിൽ തൻ്റെ നഖങ്ങൾ ഉപയോഗിച്ച് അഞ്ച് അക്ഷരങ്ങളാണ് ഇയാൾ വരച്ചുവച്ചത്. ദേവാലയത്തിന് ചുറ്റുമുള്ള ക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്തിട്ടുണ്ട്. സ്വന്തം കുടുംബപ്പേരാണ് ഇയാൾ ​ഗേറ്റിൽ എഴുതിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഷിൻ്റോ ആരാധനാലയവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് മെയ്ജി ദേവാലയം. ജപ്പാനെ ആധുനികവൽക്കരിക്കുന്നതിന് മുൻകൈയെടുത്ത മൈജി ചക്രവർത്തിയെയും ഷോക്കൻ ചക്രവർത്തിയെയും ഇവിടെ അനുസ്മരിക്കുന്നു.

ടോറി എന്ന് അറിയപ്പെടുന്ന ഗേറ്റുകൾ ജപ്പാനിലെ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഷിൻ്റോ ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിലാണ് ഇവ സ്ഥാപിക്കുക. ഷിൻ്റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണ് ഈ ടോറികൾ.