- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മൂന്നാറില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സഹോദരന് അറസ്റ്റില്‍: മരണ കാരണം ചവിട്ടേറ്റ് കരളിനുണ്ടായ മുറിവ്
മൂന്നാറില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; സഹോദരന് അറസ്റ്റില്‍: മരണ കാരണം ചവിട്ടേറ്റ് കരളിനുണ്ടായ മുറിവ്
മൂന്നാര്‍: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരനെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ന്യൂനഗറില്‍ വി.വിഘ്‌നേശ് (27) ആണ് സഹോദരന്റെ മരണത്തില്‍ അറസ്റ്റിലായത്. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചതും ചവിട്ടേറ്റ് കരളിനു മുറിവു സംഭവിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ന്യൂനഗറില്‍ വി.സൂര്യയെ (24) ആണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൊലപാതകത്തില്‍ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം നടന്നുവരികയാണ്. അമ്മയ്ക്കും വിഘ്‌നേശിനുമൊപ്പമായിരുന്നു സൂര്യ താമസിച്ചിരുന്നത്. തൂങ്ങിമരിച്ചുവെന്നായിരുന്നു ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ വീട്ടില്‍ പരിശോധന നടത്തിയ പോലിസിന് തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെയും മറ്റും തെളിവുകള്‍ ഫൊറന്‍സിക്, പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് സഹോദരനെയും അമ്മയെയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം പുറത്തുവന്നത്. വിഘ്‌നേശും സൂര്യയും മദ്യലഹരിയില്‍ വഴക്കുണ്ടാകുന്നതു പതിവായിരുന്നുവെന്നും പലപ്പോഴും വിഘ്‌നേശ് സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഞായറാഴ്ച രാത്രി വിഘ്‌നേശ് അമ്മയോട് സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചു. അമ്മ പോയശേഷം രാത്രി 10നും 11നും ഇടയിലാണ് ഇയാള്‍ കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
പിന്നീട് രാത്രി വിഘ്‌നേശ് അമ്മയെ വിളിച്ചുവരുത്തിയ ശേഷം മുന്‍പില്‍ വച്ച് നിലത്ത് അബോധാവസ്ഥയില്‍ കിടന്നിരുന്ന സൂര്യയെ ശക്തിയായി ചവിട്ടി. ചവിട്ടേറ്റ് ഇയാളുടെ കരളിനു മുറിവേറ്റിരുന്നു. സംഭവത്തിനു ശേഷം പിറ്റേന്ന് പുലര്‍ച്ചെ പ്രതി വീട്ടില്‍ നിന്നു ജോലിക്കെന്ന പേരില്‍ സ്ഥലംവിട്ടിരുന്നു. പൊലീസാണ് പിന്നീട് ഇയാളെ ടൗണില്‍ നിന്നു പിടികൂടിയത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ തെളിവെടുപ്പിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. മൂന്നാര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന പിതാവ് വേളാങ്കണ്ണി ഈയിടെയാണു മരിച്ചത്. ഇദ്ദേഹത്തിന്റെ ക്ഷേമനിധി വിഹിതമായി ലഭിക്കുന്ന 12 ലക്ഷത്തിലധികം രൂപയുടെ നോമിനികള്‍ മക്കളാണ്. ഈ പണം തട്ടിയെടുക്കാന്‍ വേണ്ടിയാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിവൈഎസ്പി അലക്‌സ് ബേബി, എസ്എച്ച്ഒ രാജന്‍ കെ.അരമന, എസ്‌ഐ അജേഷ് കെ.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.