ആലപ്പുഴ: ഒട്ടനവധി വൈകല്യങ്ങളുമായി ആലപ്പുഴയില്‍ നവജാത ശിശു പിറന്ന സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യവകുപ്പ് പ്രതിനിധികള്‍ ഇന്ന് ആലപ്പുഴയിലെത്തും. ആരോഗ്യവകുപ്പ് അഡീഷ്ണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കുഞ്ഞിനെ ഇന്ന് വിദഗ്ധ സംഘം പരിശോധിക്കും. രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം. കുഞ്ഞിന്റെ അമ്മയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയ ലാബിനും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും.

അതേസമയം ഗര്‍ഭിണിയെ പരിശോധിച്ച സ്വകാര്യ ലാബിന് വീഴ്ച പറ്റിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സ്വകാര്യ ലാബുകള്‍ക്കെതിരെ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യ ലാബുകള്‍ക്ക് വീഴ്ച ഉണ്ടായതായി ഡിഎംഒ പറയുന്നു. ലാബ് റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ലാബ് റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദ അന്വേഷണം നടത്തും. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പ്രതികരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കി. ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

സംഭവത്തില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഡിഎംഒ ആവശ്യപ്പെട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ട് ഉടന്‍ ഡിഎംഒയ്ക്ക് കൈമാറും.