- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഡിസംബര്‍ ഒന്ന് ഡി- ഡേ; ഭുവനേശ്വര്‍ വിമാനത്താവളത്തിലെ യാത്ര ഒഴിവാക്കുക'; മോദിയും അമിത് ഷായും പങ്കെടുക്കുന്ന സമ്മേളനം നടക്കാനിരിക്കെ ഗുര്‍പത്വന്തിന്റെ ഭീഷണി സന്ദേശം; പരിശോധന ശക്തമാക്കി
'ഒന്നാംതീയ്യതി ഭുവനേശ്വര്‍ വിമാനത്താവളത്തിലെ യാത്ര ഒഴിവാക്കുക'
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്ന സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്വോഗസ്ഥരുടെ സമ്മേളനം ഭുവനേശ്വറില്‍ നടക്കാനിരിക്കെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീഷണി സന്ദേശം നല്‍കി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍.
ഡിസംബര്‍ ഒന്ന് ഡി- ഡേ ആണെന്നും അന്ന് ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഒഴിവാക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി സന്ദേശം. 59-ാമത് പോലീസ് ഡയറക്ടര്‍ ജനറല്‍-ഇന്‍സ്‌പെക്ടര്‍ ജനറല്‍ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശങ്ങള്‍.
മൂന്ന് ദിവസത്തിനകം ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ഭുവനേശ്വറിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇ മെയില്‍ സന്ദേശമായി ഭീഷണി ലഭിച്ചത്. സന്ദേശം ലഭിച്ചയുടന്‍തന്നെ സൈബര്‍ വിദഗ്ധര്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളറിയാന്‍ ശ്രമം നടത്തിയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സന്ദേശമയച്ച ആളുടെ ഐപി അഡ്രസ് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
പന്നൂനിന്റെ ശബ്ദസന്ദേശം വൈറലായതോടെ നടത്തിയ പരിശോധനയില്‍ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന് പുറത്ത് സംശയാസ്പദമായി ഒരു ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് ബിഎസ്എഫ് ഉദ്വോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒഡീഷയിലെ, ഉയര്‍ന്ന ഉദ്വോഗസ്ഥര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള വ്യാജ ഭീഷണികളാകാം ഇതെന്നാണ് പോലീസിന്റെ നിഗമനം.
അതേ സമയം അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് പന്നൂവിന്റെ ഭീഷണി സന്ദേശം ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. നിരോധിത സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട വിഡിയോയില്‍ നവംബര്‍ 16, 17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കാനഡയിലെ ബ്രാംപ്ടണില്‍ വെച്ച് റെക്കോര്‍ഡ് ചെയ്ത വിഡിയോ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം ലക്ഷ്യമിട്ടുള്ളതായിരുന്നു.
''അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും'' എന്നാണ് വിഡിയോയില്‍ പന്നു പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളില്‍ ഒന്നിന് നേരിട്ടുള്ള ഭീഷണിയാണ് പന്നു തന്റെ പ്രസ്താവനയില്‍ പറഞ്ഞത്.
ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാനഡയിലെ ഇന്ത്യക്കാര്‍ക്കും പന്നൂ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പന്നൂന്റെ എസ്എഫ്‌ജെ വിവിധ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ പന്നു ഇതുവരെ നിരവധി പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
2020 ജൂലൈയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം പന്നൂനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഇയാളുടെ അറസ്റ്റിനായി ഒന്നിലധികം വാറണ്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.