തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാര്‍ഥിനി നമിത (19) മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിശ്രുതവരന്‍ സന്ദീപിന്റെ മൊഴിയില്‍ പൊരുത്തക്കേട്. വലിയമല പൊലീസാണ് സന്ദീപിനെ കസ്റ്റഡിയില്‍ എടുത്തത്. നെടുമങ്ങാട് ഐ.ടി.ഐ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നമിത. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വഞ്ചുവത്തുള്ള വാടക വീട്ടിലെ അടുക്കളയിലാണ് നമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപിനെ തിങ്കളാഴ്ച ഉച്ചയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സന്ദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവദിവസം രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. സംസാരിച്ച് മടങ്ങിയ ശേഷം ഫോണില്‍ വിളിച്ചെങ്കിലും നമിത ഫോണ്‍ എടുത്തില്ല. പിന്നാലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നമിതയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നായിരുന്നു സന്ദീപിന്റെ മൊഴി.

സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞിരുന്നത്. രണ്ടുവര്‍ഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണില്‍, പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമായിരിക്കാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്.

സന്ദീപിന് മറ്റേതെങ്കിലും തരത്തില്‍ മരണവുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. നമിതയുടേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യതന്നെ ആണെങ്കില്‍ അതിലേക്ക് നയിച്ചതില്‍ സന്ദീപിന്റെ ഇടപെടലുണ്ടോ എന്നതില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായാണ് സന്ദീപിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് എന്നാണ് വിവരം.

പെണ്‍കുട്ടി മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും, നമിതയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുന്‍പാണ് സന്ദീപുമായി നമിതയുടെ വിവാഹം ഉറപ്പിക്കുന്നത്.