തിരുവനന്തപുരം: മന്ത്രിയുടെ കൈവശമുള്ള ആനക്കൊമ്പിന്റെ ഉറവിടം വ്യക്തമാക്കാതെ ഉരുണ്ട് കളിച്ച് വനംവകുപ്പ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്താണ്. എന്നാല്‍ ഉടമസ്ഥാവകാശമുള്ള ആനയുടെ കൊമ്പ് മുറിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. എന്നാല്‍ മന്ത്രി ഗണേഷ് കുമാറിന്റെ പേരില്‍ ആനയുടെ ഉടമസ്ഥാവകാശമില്ല എന്നിരിക്കെ ഗണേഷിന്റെ കയ്യിലുള്ള ആനക്കൊമ്പ് എവിടെ നിന്നും എത്തി എന്ന ചോദ്യമാണ് ഉയരുന്നത്.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് എന്ത് ആധികാരിക രേഖയാണു നല്‍കിയിരിക്കുന്നതെന്നു വെളിപ്പെടുത്താതെ വനംവകുപ്പ് ഒളിച്ചു കളി തുടരുകയാണ്. മന്ത്രിയുടെ കൈവശം ഒരു ജോടി ആനക്കൊമ്പ് ഉള്ളതായി വിവരമുണ്ടെന്നും ഉടമസ്ഥാവകാശം ലഭിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ചുവരുന്നുവെന്നുമാണു ഈ വിഷയത്തില്‍ വനംവകുപ്പിന്റെ മറുപടി.

ഇക്കാര്യം വിവിധ കേസുകളില്‍ സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുമുണ്ടെന്നിരിക്കെയാണ്, ഉടമസ്ഥാവകാശമില്ലാത്ത ആനക്കൊമ്പ് മന്ത്രിയുടെ വീട്ടിലുണ്ട് എന്നറിഞ്ഞിട്ടും വനംവകുപ്പ് നിയമ നടപടിക്കു മുതിരാത്തത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ആനക്കൊമ്പ് സര്‍ക്കാര്‍ സ്വത്താണെന്നിരിക്കെയാണ് മന്ത്രിക്കു വേണ്ടി വനം വകുപ്പിന്റെ ഒളിച്ചുകളി. അതേസമയം മന്ത്രിയുടെ പേരില്‍ ആനയില്ലെന്നു വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വകുപ്പിന് ആനക്കൊമ്പിന്റെ ഉറവിടവും അറിയില്ല.

അതേസമയം ഉടമസ്ഥാവകാശമുള്ള ആനയുടെ കൊമ്പ് മുറിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. എന്നാല്‍ അത് അപേക്ഷ നല്‍കി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെയോ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെയോ സാന്നിധ്യത്തില്‍ വേണം. മുറിച്ച കൊമ്പ് കൈവശം സൂക്ഷിക്കണമെങ്കില്‍ അപേക്ഷ നല്‍കുകയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പെര്‍മിറ്റ് നല്‍കുകയും വേണം. എന്നാല്‍ ഗണേഷിന്റെ കേസില്‍ അദ്ദേഹത്തിന്റെ കൈവശമുള്ള ആനയ്ക്ക് അദ്ദേഹത്തിന് ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നു വനംവകുപ്പ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം പേരില്‍ ആനയില്ലാത്തയാള്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ പെര്‍മിറ്റ് നല്‍കാനുമാകില്ലെന്നിരിക്കെയാണ് അദ്ദേഹം ആനക്കൊമ്പ് കൈവശം വെച്ചിരിക്കുന്നത്.

അന്തരിച്ച മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍നിന്ന് അഞ്ച് ജോടി ആനക്കൊമ്പുകള്‍ 'ഏറ്റെടുത്ത' നടപടിയിലും വനംവകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അദ്ദേഹത്തിന്റെ വില്‍പത്ര പ്രകാരം മകള്‍ ബിന്ദു ബാലകൃഷ്ണനു ലഭിച്ച ആനക്കൊമ്പ് ഏറ്റെടുത്തുവെന്നാണു വിവരാവകാശ മറുപടിയില്‍ വനംവകുപ്പ് പറയുന്നത്. എന്നാല്‍ ആനക്കൊമ്പുകള്‍ ആര്‍ക്കെങ്കിലും കൈമാറുന്നതിനെക്കുറിച്ചു വില്‍പത്രത്തില്‍ പറയുന്നില്ലെന്നാണു വിവരം. വില്‍പത്രം തര്‍ക്കത്തെത്തുടര്‍ന്നു കോടതിയുടെ പരിഗണനയിലുമാണ്. ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ എങ്ങനെ ആനക്കൊമ്പുകള്‍ എത്തിയെന്ന് അറിയില്ലെന്നും വനംവകുപ്പ് മറുപടി നല്‍കിയിരുന്നു. ഉറവിടമറിയാത്ത ആനക്കൊമ്പുകള്‍ കേസെടുത്തു പിടിച്ചെടുക്കുകയാണു ചെയ്യേണ്ടതെന്നിരിക്കെ, ഏറ്റെടുത്തുവെന്നാണു വനംവകുപ്പിന്റെ വിശദീകരണം. ഏറ്റെടുക്കാന്‍ നിയമത്തില്‍ വകുപ്പില്ല.

അതേസമയം മന്ത്രി കെ.ബി.ഗണേഷ് കുമാറിനു ആനയും ആനക്കൊമ്പും പാരമ്പര്യമായി ലഭിച്ചതാകാമെന്നും ഇതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ഗണേഷ്‌കുമാറിന്റെ കൈവശമുള്ള ആനയ്ക്കും ആനക്കൊമ്പിനും ഉടമസ്ഥതാവകാശമില്ലെന്നുള്ളതു വസ്തുതയാണ്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചെയ്യാന്‍ ഗണേഷ് കുമാര്‍ തന്നെ തയാറാണ്. ആനക്കൊമ്പ് കത്തിച്ചു കളയണമെന്ന നിയമത്തോട് വ്യക്തിപരമായി യോജിപ്പില്ല. നിയമത്തില്‍ മാറ്റം വരുത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.