ബെംഗളൂരു: നാല് വയസ് മാത്രമുള്ള മകന്റെ ചെലവിനെന്ന പേരില്‍ വന്‍ തുക ലക്ഷ്യമിട്ട് ഭാര്യയും ബന്ധുക്കളും നടത്തിയ നിയമ പോരാട്ടത്തിലും അധിക്ഷേപത്തിലും മനംമടുത്ത് 34കാരനായ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഭാര്യയും ബന്ധുക്കളുമാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുര്‍ഗ്രാമില്‍ നിന്നാണ് ഭാര്യ നികിത സിംഗാനിയ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അറസ്റ്റ്.

തിങ്കളാഴ്ച ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്‍ സുഭാഷിന്റെ ഭാര്യ നികിത സിംഗാനിയ, മാതാവ്, സഹോദരന്‍ എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഗുര്‍ഗ്രാമില്‍ നിന്നാണ് നികിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഭാര്യാമാതാവ് നിഷയേയും ഭാര്യാ സഹോദരന്‍ അനുരാഗിനേയും ഉത്തര്‍പ്രദേശിലെ അലഹബാദില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടിരിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെക്കി യുവാവിന്റെ മരണത്തില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷധം ശക്തമാകുന്നതിനിടയിലാണ് അറസ്റ്റ്. നാല് വയസ് മാത്രമുള്ള മകന്റെ ചെലവിനായുള്ള കേസ് കോടതിയില്‍ നടക്കുന്നതിനിടെ പണം ലക്ഷ്യമിട്ട് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയെന്നും കോടതിയില്‍ വച്ച് ഭാര്യ പറഞ്ഞത് കേട്ട് കുടുംബ കോടതി ജഡ്ജി പരിഹസിച്ചെന്നും ആരോപിച്ചാണ് യുവാവ് ജീവനൊടുക്കിയത്.

ജീവനൊടുക്കുന്നതിന് മുന്‍പായി യുവാവ് ചെയ്ത 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താനുണ്ടാക്കുന്ന പണം എതിരാളികളെ ശക്തരാക്കാന്‍ മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും തന്റെ തന്നെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം അതുല്‍ ഈ വീഡിയോയില്‍ വിശദമാക്കിയിരുന്നു. ഭാര്യ നല്‍കിയ കേസ് അതുലിന് എതിരായ ദിശയിലായിരുന്നു ഉണ്ടായിരുന്നത്. 4വയസുള്ള മകന്റെ ചെലവിനായി തുടക്കത്തില്‍ 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് 1 ലക്ഷം രൂപ മാസം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭാര്യയും കുടുംബവും അതുലിനെ പണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34കാരനായ അതുല്‍ സുഭാഷ്. വര്‍ഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദം ഇയാള്‍ ആത്മഹത്യാകുറിപ്പില്‍ വിശദമാക്കിയിരുന്നു. യുപി സ്വദേശിയായ അതുല്‍ സുഭാഷ് എന്ന 34 കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തിയിരുന്നു.