തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി സ്വകാര്യ സ്‌കൂള്‍ അധികൃതര്‍. തിരുവനന്തപുരം മംഗലപുരം ബിഷപ്പ് പെരേര സ്‌കൂളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 18ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയിലാണ് ഗവര്‍ണര്‍ പങ്കെടുക്കുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ പരിപാടി നടക്കുന്ന ദിവസം കറുപ്പ് വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്. ഇതിനിടെ കറുപ്പ് വസ്ത്രങ്ങള്‍ക്കുള്ള വിലക്കില്‍ വിശദീകരണവുമായി ഗവര്‍ണറും രംഗത്തെത്തി.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം ഉണ്ടല്ലോ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് നിഗമനം. സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷപരിപാടി ഉദ്ഘാടനത്തിനായാണ് ഗവര്‍ണര്‍ എത്തുന്നത്.

രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മറ്റന്നാള്‍ സ്‌കൂള്‍ വാര്‍ഷിക ആഘോഷ പരിപാടിക്കാണ് ഗവര്‍ണര്‍ എത്തുന്നത്. ഇതിനോടകം സര്‍ക്കുലര്‍ വിവാദമായിട്ടുണ്ട്.

ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇത്തരത്തിലൊരു നിര്‍ദേശം വന്നതായി അറിവില്ല. സ്‌കൂള്‍തന്നെ സ്വമേധയാ ഇറക്കിയ സര്‍ക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്. മറ്റന്നാളാണ് സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വൈകുന്നേരമാണ് നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.