കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബര്‍മാരായ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, യൂട്യൂബ് ചാനലായ ന്യൂസ് കഫേ ലൈവ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. കുടുംബാംഗങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിനു പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ മരണം.

പിന്നാലെ സാമൂഹമാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പ്രതിചേര്‍ത്തു. കേസില്‍ അറസ്റ്റിലായ പി.പി ദിവ്യക്ക് അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതി നല്‍കിയത്.

മകളെ കൊല്ലുമെന്ന് പറഞ്ഞ് വിമല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഭീഷണി മുഴക്കിയെന്നും ന്യൂസ് കഫെ ലൈവ് കുറച്ചുകാലമായി പരമ്പരകളായി അശ്ലീലവും ഭീഷണിയും മുഴക്കി വാര്‍ത്തള്‍ നല്‍കുകയാണെന്നും പരാതിയില്‍ പറയുന്നു.

യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങള്‍ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകള്‍. കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്.

രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.