- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഴഞ്ഞുവീണ് മരിച്ച സുനീഷിനായി നിന്നതിന് വൈരാഗ്യം; അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെ മാറ്റിനിര്‍ത്തണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് വിനീതിന്റെ കുടുംബം; ആരോപണം ശരിവച്ച് സഹപ്രവര്‍ത്തകര്‍; അരീക്കോട്ടെ എസ്ഒജി ക്യാമ്പില്‍ അന്വേഷണം തുടരുന്നു
മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് വിനീതിന്റെ കുടുംബം
മലപ്പുറം: അരീക്കോട്ടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പൊലീസുകാരനായ വിനീത് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുമെന്ന് വിനീതിന്റെ കുടുംബം. ആരോപണ വിധേയനായ അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. കടബാധ്യതയും കുടുംബ പ്രശ്‌നവും ആണ് മരണ കാരണമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരണം നടത്തുന്നുവെന്നും കുടുംബം ആരോപിച്ചു.
വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്.
അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ട്. കുഴഞ്ഞുവീണ് മരിച്ച സുനീഷിനായി വിനീത് നിന്നതാണ് അജിത്തിന്റെ വ്യക്തിവൈരാഗ്യത്തിന് കാരണം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വിനീതിനെതിരെ ശിക്ഷാനടപടികളുണ്ടായി. തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു, ഭാര്യ ആശുപത്രിയില്‍ ആയിട്ടും അവധി നല്‍കിയില്ല. മരിക്കുന്നതിന് മുമ്പ് വിനീത് വാട്ട്‌സ്ആപ്പില്‍ മെസ്സേജ് അയച്ചിരുന്നതായും മെസേജ് അജിത്തിനെയും മയ്യന്‍ രാഹുലിനെയും കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും സുഹൃത്ത് സന്ദീപ് വ്യക്തമാക്കി.
വിനീതിന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് സഹപ്രവര്‍ത്തകരുടെ മൊഴിയും. വിനീതിന്റെ ആത്മഹത്യ ഉന്നത ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്ന് വിനീതിന്റെ സഹപ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന് വിനീതിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊഴിയിലും പറയുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പി പി സേതുവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇന്നലെ അരീക്കോട്ടെ എസ്ഒജി ക്യാമ്പില്‍ എത്തിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്.
വിനീതിന്റെ സഹപ്രവര്‍ത്തകരായ എസ്.ഒ.ജി കമാന്‍ഡോകളുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പ് വിനീതിന്റെ സുഹൃത്തായ കമാന്‍ഡോ സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് വിനീത് ചോദ്യം ചെയ്തു. അന്നു മുതല്‍ കമാന്‍ഡന്റ് അജിത്തിന് വൈരാഗ്യം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. മരണത്തിന് തൊട്ടു മുന്‍പ് വിനീത് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരേ സൂചനയുണ്ടായിരുന്നു.
2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സുനീഷ് മരിച്ചു. പിന്നാലെ സുനീഷിന്റെ മരണത്തില്‍ എ സി അജിത്തിനെതിരെ വിനീത് ശബ്ദമുയത്തി.
ഈ സംഭവത്തെ തുടര്‍ന്നാണ് എ സി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം തോന്നിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയില്‍ പോകുന്നതിനാണ് വിനീത് അവധിക്ക് അപേക്ഷിച്ചത്. രണ്ട് തവണ നല്‍കിയ അവധി അപേക്ഷയും എസി അജിത്ത് നിരസിച്ചു. അവധിക്കായി വിനീത് എസ്പി ഫറാഷ് അലിയേയും സമീപിച്ചങ്കിലും ഇടപെട്ടില്ല. ക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും മൊഴിയില്‍ പറയുന്നു.
വിനീതും സുഹൃത്തുക്കളും പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടി. ശേഷവും അവധി ലഭിക്കാത്തതിനാല്‍ വിനീത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി. ഇതോടെ മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് വിനീതിന്റെ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാകുകയാണ്.
വിനീത് ജീവനൊടുക്കിയത് ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയാലാണെന്ന് കരുതുന്നു എന്ന തരത്തില്‍ എസ് പി പ്രതികരിച്ചിരുന്നു. കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്യുന്നത്. 2011-ല്‍ ജോലിയില്‍ ചേര്‍ന്ന വിനീത് ഒട്ടേറേ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. ഇതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് എസ്.പി. വ്യക്തമാക്കിയത്.
എന്നാല്‍ വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ ആ പരീക്ഷയില്‍ പരാജയപ്പെട്ടു. അവധി നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതുമുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നുമായിരുന്നു എസ് പി പ്രതികരിച്ചത്. എന്നാല്‍ സഹ കമാണ്ടോകള്‍ പറയുന്നത് മറിച്ചാണ്.
വിനീതിന് ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.