ഉന്നാവോ: സ്‌കൂളിലെ പഠന സമയത്ത് പാചകപ്പുരയിലിരുന്ന് ഫേഷ്യല്‍ മസാജ് ചെയ്ത പ്രിന്‍സിപ്പാളിന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ച അധ്യാപികയ്ക്ക് നേരെ ആക്രമണം. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അധ്യാപികയെ കടിച്ച് പരിക്കേല്‍പ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് ഈ വിചിത്രമായ സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഉന്നാവോയിലെ ബിഘാപൂര്‍ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സംഗീത സിംഗ്, സ്‌കൂള്‍ സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഇരുന്ന് മറ്റൊരു സ്ത്രീയെ കൊണ്ട് തന്റെ മുഖത്ത് സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് അതേ സ്‌കൂളിലെ മറ്റൊരു അധ്യാപിക പാചകപ്പുരയിലേക്ക് മൊബൈല്‍ കാമറ ഓണാക്കി ചെല്ലുന്നത്.

അധ്യാപിക, തന്റെ വീഡിയോ എടുക്കുകയാണെന്ന് മനസിലായ പ്രധാന അധ്യാപികയായ സംഗീത സിംഗ്, 'വെരി ഗുഡ്' എന്ന് പറഞ്ഞ് കൊണ്ട് പെട്ടെന്ന് കസേരയില്‍ നിന്നും എഴുന്നേല്‍ക്കുകയും പിന്നാലെ അധ്യാപികയെ അക്രമിക്കുകയുമായിരുന്നു. ഇവര്‍ അധ്യാപികയായ അനം ഖാന്റെ ഇരുകൈകളിലും കടിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെ കരഞ്ഞു കൊണ്ട് തന്റെ കൈയിലേറ്റ കടിയുടെ പാടുകള്‍ അനം ഖാന്‍ വീഡിയോയില്‍ കാണിച്ചു.

എന്‍സിഎംഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്‌സ് എന്ന് എക്‌സ് പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം കാല്‍ ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം സമൂഹ മാധ്യമങ്ങളില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ സംഗീത സിംഗനെതിരെ രൂക്ഷവിമര്‍ശനം ഉയഡന്നു. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിതനിന് പിന്നാലെ സംഗീത സിംഗിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തു. അനം ഖാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയായതിന് പിന്നാലെ പോലീസ് സംഭവത്തില്‍ കേസെടുത്തു. ദണ്ഡാമൗ ഗ്രാമത്തിലെ സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറെ കൊണ്ട് ഹെഡ്മിസ്ട്രസ് ഫേഷ്യല്‍ മസാജ് ചെയ്യിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.