കൊച്ചി: മാറാമ്പള്ളി എം.ഇ.എസ്. കോളേജിലെ അതിരുവിട്ട ക്രിസ്മസ് ആഘോഷത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ മുകളില്‍ അഭ്യാസപ്രകടനം നടത്തി ക്രിസ്മസ് ആഘോഷിച്ച സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പാണ് നടപടി എടുത്തത്. അഭ്യാസപ്രകടനം നടത്താനുപയോഗിച്ച 25 വാഹനങ്ങള്‍ തിരിച്ചറിഞ്ഞു. വാഹനമോടിച്ച മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഓ. സസ്പെന്‍ഡ് ചെയ്തു. വാഹനമോടിച്ച മറ്റ് 22 വിദ്യാര്‍ഥികളുടെയും ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ 19-ാം തീയതിയാണ് എറണാകുളം മാറാമ്പള്ളി എം.ഇ.എസ്. കോളേജില്‍ വാഹനങ്ങളുടെ മുകളില്‍ അഭ്യാസപ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷം നടത്തിയത്. . കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ശേഖരിച്ചു.

പുതുവര്‍ഷാഘോഷം ഇത്തരത്തില്‍ അതിരുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ട്. കൊച്ചി നഗരത്തിലാകെ പത്ത് സ്‌ക്വാഡുകളെ വിന്യസിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ പുതുവത്സരദിനമായ ബുധനാഴ്ച പുലര്‍ച്ചെ ആറുമണി വരെ റോഡുകളില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനമുണ്ടാകും.

അതേസമയം, ഇന്ന് പുതുവര്‍ഷാഘോഷത്തിനിടെ ഇത്തരത്തില്‍ വാഹനമോടിച്ചാലും പിടിവീഴുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. പുലച്ചെ 6 വരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും.