പത്തനംതിട്ട: കായിക താരമായ ദളിത് വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് കേസുകളുള്ളത്. ആകെ 42 പ്രതികള്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 11കേസുകളിലായി 26, ഇലവുംതിട്ടയില്‍ 16 കേസുകളിലായി 14, പന്തളത്ത് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

ഇന്നലെ ഇലവുംതിട്ടയില്‍ എട്ടും പത്തനംതിട്ടയില്‍ നാലും പന്തളത്ത് രണ്ടും പേര്‍ അറസ്റ്റിലായി. ഇലവുംതിട്ട കേസുകളില്‍ പുതുതായി അറസ്റ്റിലായവര്‍ അമല്‍ (18), ആദര്‍ശ് (20), ശിവകുമാര്‍ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിന്‍ (21), സജിന്‍ (23) എന്നിവരാണ്.

പത്തനംതിട്ട സ്റ്റേഷനിലെ കേസുകളില്‍ പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായവര്‍. പിടിയിലാവാനുള്ള പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുള്‍പ്പെടെ ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചു വരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു.

കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസില്‍ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.

കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാള്‍ വലിയ കുറ്റകൃത്യമാണിത്. സൂര്യനെല്ലി കേസില്‍ 42 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

ഒരു പ്രതി വിദേശത്താണെന്നും അയാളെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വച്ചും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രക്കാനം തോട്ടുപുറത്ത് വാഹനത്തില്‍വച്ചും കൂട്ടബലാല്‍സംഗത്തിന് ഇരയായിട്ടുണ്ട്.

ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി ദീപുവിന്റെ ഇടപെടലാണ് ഒരു വര്‍ഷം മുന്‍പുണ്ടായ രണ്ട് കൂട്ടബലാത്സംഗങ്ങള്‍ക്കും വഴിവെച്ചത്. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈല്‍ ഫോണിലായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം നടന്നിരുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്‌ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പതിമൂന്നാം വയസിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പില്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിംഗിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ കൂടാതെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്.