കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കിട്ടുമ്പോഴും ശമ്പളം കൃത്യമായി ലഭിക്കാതെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരവസ്ഥ പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ദീര്‍ഘ ദൂര സര്‍വീസുകളില്‍ ജീവനക്കാര്‍ നേരിടുന്ന പ്രതിസന്ധികളും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും നടന്നിരുന്നു. എന്നാല്‍ കൃത്യവിലോപത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കുന്ന കര്‍ക്കശ നടപടികളും തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഡ്യൂട്ടി കാര്‍ഡില്ലാതെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെന്ന പേരില്‍ കണ്ടക്ടറില്‍ നിന്നും പിഴ ചുമത്തിയതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. കരുനാഗപ്പള്ളി - തോപ്പുംപടി സര്‍വീസ് നടത്തുന്ന ലോ ഫ്‌ളോര്‍ ഓര്‍ഡിനറി ബസിന്റെ കരുനാഗപ്പള്ളി യൂണിറ്റിലെ ഒരു കണ്ടക്ടറില്‍ നിന്നുമാണ് അഞ്ഞൂറ് രൂപ പിഴ ഈടാക്കിയത്.

ആശ്രമം ജംഗ്ഷനില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയ്്ക്കായി ബസില്‍ കയറിയപ്പോള്‍ യാത്രക്കാര്‍ കുറവായിരുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സമയക്രമം പാലിച്ചാണോ സര്‍വീസ് നടത്തുന്നതെന്ന് പരിശോധിക്കാന്‍ ഡ്യൂട്ടി കാര്‍ഡ് ചോദിച്ചത്. എന്നാല്‍ ഡ്യൂട്ടി കാര്‍ഡ് കണ്ടക്ടറുടെ കൈവശം ഉണ്ടായിരുന്നില്ല.

സര്‍വീസ് നടത്തുന്ന ബസുകളിലെ കണ്ടക്ടര്‍മാരുടെ കൈവശം ഡ്യൂട്ടി കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന കോര്‍പ്പറേഷന്റെ ഉത്തരവ് പാലിക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നും ജോലിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചാണ് പിഴ ഈടാക്കി അച്ചടക്ക നടപടി അവസാനിപ്പിക്കുന്നതെന്ന് മെമ്മോയില്‍ പറയുന്നു. ജോലിക്കിടെ സംഭവിക്കുന്ന ചെറിയ വീഴ്ചകള്‍ പോലും അധികൃതര്‍ പര്‍വതീകരിക്കുന്നുവെന്ന ആക്ഷേപമാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

അതേ സമയം സമീപ കാലത്ത് ശമ്പള വിതരണത്തില്‍ മാറ്റം വന്നത് ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നല്‍കും എന്നുള്ളത് പുതിയ ഗതാഗത വകുപ്പ് മന്ത്രി അധികാരമേറ്റപ്പോഴുള്ള പ്രധാന പ്രഖ്യാപനമായിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.