- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്നും ഗര്‍ഭിണിയായി; ഭ്രൂണഹത്യയ്ക്ക് പിന്നാലെ പതിനാറുകാരി സ്‌കൂളില്‍ പോകുന്നതും നിര്‍ത്തി; ഗര്‍ഭച്ഛിദ്ര ഗുളികകള്‍ അയച്ചുനല്‍കിയത് 17കാരന് കാമുകന്; സൂറത്തില്‍ നിന്നും മുംബൈയിലേക്ക് മുങ്ങി; കേസെടുത്ത് പൊലീസ്
അപമാനം ഭയന്ന് ഭ്രൂണഹത്യനടത്തി അത് അഴുക്കുചാലില്‍ ഉപേക്ഷിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരനില്‍നിന്നും ഗര്‍ഭം ധരിച്ച പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അപമാനം ഭയന്ന് ഭ്രൂണഹത്യനടത്തി അഴുക്കുചാലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക പതിനേഴുകാരന്‍ അയച്ചുനല്‍കിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
സൂറത്തിലെ പാന്തേസരയിലാണ് ആണ്‍കുട്ടി കഴിഞ്ഞിരുന്നത്. സുഹൃത്ത് ഗര്‍ഭിണിയായെന്നു മനസ്സിലാക്കിയ ആണ്‍കുട്ടി, സൂറത്തില്‍നിന്ന് ജന്മനാടായ ഉത്തര്‍പ്രദേശിലേക്കും അവിടെനിന്ന് മുംബൈയിലേക്കും കടന്നു. മുംബൈയില്‍നിന്ന് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ അയച്ചുനല്‍കിയതായും പോലീസ് കണ്ടെത്തി. അതില്‍നിന്ന് രണ്ട് ഗുളികകള്‍ കഴിച്ച് ഗര്‍ഭം അലസിപ്പിക്കുകയും ഭ്രൂണം വലിച്ചെറിയുകയും ചെയ്തെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും ഡി.എന്‍.എ. സാമ്പിള്‍ പരിശോധനകള്‍ നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സൂറത്തിലെ അഴുക്കുചാലിനു സമീപം സിഗരറ്റു പാക്കറ്റുകളും ബലൂണിന്റെ കവറുകളും നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട ഇടത്തുനിന്നാണ് പെണ്‍കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തിയത്. ഈ സ്ഥലത്ത് പക്ഷികള്‍ വട്ടമിട്ടു പറക്കുന്നതായി കുറച്ച് കുട്ടികള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. പക്ഷികളെ തുരത്താനായി കല്ലെടുത്തെറിയുന്നതിനിടെയാണ് കുട്ടികള്‍ നിലത്ത് മാംസം പോലെ എന്തോ ഒന്ന് കിടക്കുന്നതായി കണ്ടത്. ഒരു ശരീരമാണെന്ന് മനസ്സിലാക്കിയ അവര്‍ ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തിയുള്ള അന്വേഷണത്തില്‍ ഭ്രൂണം ഒരു പെണ്‍കുഞ്ഞിന്റേതാണെന്ന് മനസ്സിലാക്കി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ജനുവരി ഒന്‍പതിന് സൂറത്തിലെ അപേക്ഷാനഗറിലാണ് സംഭവം. സംഭവത്തിന് പിറകിലാരെന്ന പോലീസിന്റെ അന്വേഷണമാണ് കുട്ടികളിലേക്കെത്തിയത്.
ഭ്രൂണഹത്യ നടത്തിയതില്‍ ഉത്തരവാദിത്വമില്ലെന്ന് ആദ്യം പെണ്‍കുട്ടിയും അമ്മയും നിഷേധിച്ചു. തുടര്‍ന്ന് പതിനാറുകാരിയെ മെഡിക്കല്‍ പരിശോധന നടത്തിയതിലൂടെയാണ് സത്യം തെളിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ അന്വേഷണം സുഹൃത്തായ പതിനേഴുകാരനിലെത്തി. തങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് സുഹൃത്തുക്കളായതെന്നും ശാരീരിക ബന്ധം നടന്നിരുന്നതായും പെണ്‍കുട്ടി മൊഴിനല്‍കി. ജനുവരി മൂന്നിനുശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നില്ലെന്ന കാര്യവും പോലീസ് മനസ്സിലാക്കി.