പത്തനംതിട്ട: ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഇലവുന്തിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.

ഒരു സ്വകാര്യ ട്യൂഷന്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സുഹൃത്തുക്കള്‍ക്ക് ഒപ്പം മുള്ളരിക്കാടിന് സമീപമുള്ള ടര്‍ഫിലെത്തിയതായിരുന്നു ഇരുവരും. കളി കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിനായി അച്ചന്‍കോവിലാറ്റില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പിന്നീട്, പത്തനംതിട്ടയില്‍ നിന്ന് അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ സംഘങ്ങളെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സമീപത്തെ ടര്‍ഫില്‍ മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതാണ് വിദ്യാര്‍ഥികള്‍. ഇവിടെ ഫുട്‌ബോള്‍ കളിച്ചശേഷമാണ് ശ്രീശരണും ഏബലും മറ്റ് രണ്ട് കുട്ടികളും ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. പിന്നാലെ നാലുപേരും ഒഴുക്കില്‍പ്പെട്ടു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും ശ്രീശരണിനെയും ഏബലിനെയും രക്ഷിക്കാനായില്ല.