കൊല്ലം: സൈബര്‍ തട്ടിപ്പിന് ഇരയായ കരുനാഗപ്പള്ളി സ്വദേശിനിക്ക് പത്ത് ലക്ഷം രൂപ നഷ്ടമായ കേസില്‍ പ്രതിയെ ജാര്‍ഖണ്ഡിലെത്തി പിടികൂടി കേരളാ പോലിസ്. കേസില്‍ പ്രധാന പ്രതികളിലൊരാളായ അക്തര്‍ അന്‍സാരിയെയാണ് കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടിയത്. ജാര്‍ഖണ്ഡിലെത്തിയ കേരളാ പോലിസ് 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മറ്റ് പ്രതികള്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കി.

15 പേര് അടങ്ങുന്ന തട്ടിപ്പു സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.13 ദിവസം പൊലീസ് ജാര്‍ഖണ്ഡിലെ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ജാമ്താരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു. പ്രതിയെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്ക് പണം നഷ്ടമായത്. കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന് കരുതി സൈബര്‍ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പറിലാണ് ബന്ധപ്പെട്ടത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സംഘം 10 ലക്ഷത്തില്‍ അധികം രൂപ ഇവരുടെ അക്കൗണ്ടില്‍ നിന്നും കൈക്കലാക്കി. പണം നഷ്ടമായ ഉടന് ഇവര്‍ കരുനാഗപ്പള്ളി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണം ജാര്‍ഖണ്ഡിലേക്ക് എത്തുക ആയിരുന്നു.

15 പേരടങ്ങുന്ന സംഘമാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് വെബ്‌സൈറ്റ് നിര്‍മ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശിയായ ആശിഷ് കുമാര്‍, സംഘത്തലവന്‍ ഹര്‍ഷാദ്, വ്യാജ സിമ്മുകള്‍, വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ നിര്‍മ്മിച്ചു നല്‍കുന്ന ബംഗാള്‍ സ്വദേശി ബബ്ലു എന്നിവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചു.

ഇതുകൂടാതെ ജാര്‍ഖണ്ഡിന് പുറത്ത് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തെ സഹായിക്കുന്ന സല്‍മാനെയും ഇയാളുടെ സഹായികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്‍ക്കുന്നതാണ് പ്രതികളുടെ രീതി. പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് കൈമാറ്റം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മറ്റ് പ്രതികളിലേക്ക് വൈകാതെ എത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.